വ്യാജ ഐഎഎസ്കാരന് ‘ട്രീറ്റ്’ നടത്തി വെട്ടിലായി എംഎൽഎയും പോലീസും; യുവാവ് ഒളിവിൽ, വീഡിയോ വയറൽ
പട്‌ന: യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയിൽ 440-ാം റാങ്ക് നേടിയെന്ന ബിഹാർ സ്വദേശിയായ യുവാവിന്റെ അവകാശവാദം വ്യാജമാണെന്ന് കണ്ടെത്തി. ഷെയ്ഖ്പുര ജില്ലയിലെ അരിയാരി ബ്ലോക്കിലുള്ള ഫത്തേപൂർ ഗ്രാമവാസിയായ രഞ്ജിത് കുമാറാണ് ഐഎഎസ് ഉദ്യോഗസ്ഥനായെന്ന് തെറ്റായ വിവരം നൽകി അധികൃതരെയും നാട്ടുകാരെയും കബളിപ്പിച്ചത്. സത്യം പുറത്തായതോടെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.
കഴിഞ്ഞ 6-ന് ഫലം വന്നതിന് പിന്നാലെയാണ് താൻ വിജയിച്ചതായി രഞ്ജിത് കുമാർ പ്രഖ്യാപിച്ചത്. കർഷക കുടുംബത്തിൽ നിന്നുള്ള യുവാവിന്റെ നേട്ടമെന്ന നിലയിൽ ഗ്രാമത്തിൽ വലിയ ആഘോഷങ്ങൾ സംഘടിപ്പിച്ചു. മുൻ ആർജെഡി എംഎൽഎ വിജയ് സാമ്രാട്ട് യുവാവിനെ വീട്ടിലെത്തി ആദരിക്കുകയും ചെയ്തിരുന്നു. പ്രാദേശിക പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ്എച്ച്ഒ രാംപ്രവേശ് ഭാരതി ഇയാളെ മാലയണിയിച്ച് ലഡ്ഡു നൽകി അഭിനന്ദിച്ചു. മറ്റുള്ളവർ 18 മണിക്കൂർ പഠിച്ചപ്പോൾ താൻ 4 മണിക്കൂർ കൊണ്ടാണ് വിജയിച്ചതെന്ന് ചടങ്ങിൽ രഞ്ജിത് അവകാശപ്പെട്ടിരുന്നു.
എന്നാൽ, ഔദ്യോഗിക ലിസ്റ്റ് പരിശോധിച്ച ഗ്രാമത്തിലെ ചില യുവാക്കൾക്ക് സംശയം തോന്നിയതോടെയാണ് കളി മാറിയത്. 440-ാം റാങ്ക് നേടിയത് കർണാടക ചിക്കബല്ലാപൂർ സ്വദേശിയായ രഞ്ജിത്ത് കുമാർ ആർ ആണെന്ന് ഇവർ കണ്ടെത്തി. രേഖകൾ ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടതോടെ രഞ്ജിത് കുമാർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഡൽഹിയിലേക്ക് കടന്നുകളഞ്ഞു. സംഭവത്തെത്തുടർന്ന് എംഎൽഎ തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്തു.
സമാനമായ രീതിയിൽ 301, 113 റാങ്കുകളെ ചൊല്ലിയും ആശയക്കുഴപ്പങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഗാസിപൂരിൽ നിന്നുള്ള ഒരു ഗൈനക്കോളജിസ്റ്റ് താനാണ് 301-ാം റാങ്ക് നേടിയതെന്ന് വീഡിയോയിലൂടെ തെളിയിച്ചു. ജനുവരിയിൽ വ്യാജ രേഖകളുമായി എൽബിഎസ്എൻഎഎ-യിൽ പരിശീലനത്തിന് എത്തിയ ഒരാൾ തട്ടിപ്പിനിരയായ സംഭവവും ഇതിനോടൊപ്പം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.