28/03/2026
[fontresizer_tawhidurrahmandear_widget]

അതാണ് ‘വോൺ ബുദ്ധി’! രാജസ്ഥാൻ വിറ്റപ്പോൾ കോളടിച്ചത് ഷെയിൻ വോണിന്റെ മക്കൾക്ക്; കിട്ടിയത് 450 കോടി!

 അതാണ് ‘വോൺ ബുദ്ധി’! രാജസ്ഥാൻ വിറ്റപ്പോൾ കോളടിച്ചത് ഷെയിൻ വോണിന്റെ മക്കൾക്ക്; കിട്ടിയത് 450 കോടി!

കാൻബറ: ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ ഐപിഎല്ലിന്റെ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസുമായി നടത്തിയ ഒരു ബുദ്ധിപരമായ കരാർ ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന് വലിയൊരു സാമ്പത്തിക നേട്ടമായി മാറുകയാണ്. 2008-ൽ ഐപിഎൽ ആരംഭിച്ച സമയത്ത് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായും പരിശീലകനായും ചുമതലയേറ്റ ഷെയ്ൻ വോണിന് അന്ന് പ്രതിവർഷം ഏകദേശം 5.5 കോടി രൂപയായിരുന്നു പ്രതിഫലം. എന്നാൽ വെറും പ്രതിഫലത്തിന് പുറമെ ടീമിന്റെ ഉടമസ്ഥാവകാശത്തിൽ നിശ്ചിത ശതമാനം ഓഹരി കൂടി വേണമെന്ന ഒരു നിബന്ധന കൂടി വോൺ അന്ന് മുന്നോട്ടുവെച്ചിരുന്നു. തന്റെ കരാർ പ്രകാരം ഓരോ വർഷവും ടീമിനൊപ്പം തുടരുമ്പോൾ 0.75 ശതമാനം വീതം ഓഹരികൾ വോണിന് ലഭിക്കുമായിരുന്നു. ഇത്തരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ഏകദേശം മൂന്ന് ശതമാനത്തോളം ഓഹരികൾ വോൺ സ്വന്തമാക്കി. അന്ന് ഈ നീക്കം അത്ര വലിയ ചർച്ചയായിരുന്നില്ലെങ്കിലും വർഷങ്ങൾക്കിപ്പുറം ഐപിഎൽ ടീമുകളുടെ മൂല്യം കുതിച്ചുയർന്നതോടെ ഈ ഓഹരികളുടെ വിലയും അമ്പരപ്പിക്കുന്ന രീതിയിൽ വർദ്ധിച്ചു.

കൽ സോമനിയുടെ നേതൃത്വത്തിലുള്ള യുഎസ് ആസ്ഥാനമായുള്ള ഒരു കമ്പനി രാജസ്ഥാൻ റോയൽസിനെ ഏകദേശം 15,290 കോടി രൂപയ്ക്ക് (1.63 ബില്യൺ ഡോളർ) സ്വന്തമാക്കിയിരിക്കുകയാണ്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നായി ഇത് മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഷെയ്ൻ വോണിന്റെ പക്കലുള്ള മൂന്ന് ശതമാനം ഓഹരികൾ വിൽക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് 450 കോടി രൂപയിലധികം ലഭിക്കും. 2022-ൽ ഹൃദയാഘാതത്തെത്തുടർന്ന് വോൺ അന്തരിച്ചെങ്കിലും അദ്ദേഹം തന്റെ മക്കളുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കുന്ന രീതിയിലുള്ള ഒരു ബുദ്ധിപരമായ നീക്കമാണ് അന്ന് നടത്തിയതെന്ന് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഐപിഎല്ലിന്റെ തുടക്കകാലത്ത് ഒരു ടീമിന്റെ മൂല്യം ഇത്രത്തോളം വർദ്ധിക്കുമെന്ന് ആരും പ്രതീക്ഷിക്കാത്ത സമയത്താണ് വോൺ ഇത്തരമൊരു ദീർഘവീക്ഷണം നടത്തിയത്. ഇതോടെ കളിക്കളത്തിലെ മാന്ത്രികതയ്ക്ക് പുറമെ ബിസിനസ്സ് രംഗത്തും വോൺ ഒരു മികച്ച തന്ത്രജ്ഞനായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.

Also read: