സ്വർണ സിംഹാസനവും ആയിരം ഗണപതി വിഗ്രഹങ്ങളും; ബാപ്പി ലാഹിരിയുടെ വസതിയുടെ വിശേഷങ്ങൾ പുറത്ത്
മുംബൈ: ഇന്ത്യൻ സംഗീതത്തെ ഡിസ്കോ താളത്തിൽ ആറാടിച്ച ബാപ്പി ലാഹിരി ഭൗതികമായി നമ്മെ വിട്ടുപിരിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ മുംബൈയിലെ വസതി ഇന്നും ആ സാന്നിധ്യം വിളിച്ചോതുകയാണ്. 1983-ൽ അദ്ദേഹം സ്വന്തമാക്കിയ 1,050 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീടിന്റെ അപൂർവ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ചെറുമകനാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒരു വീട് എന്നതിലുപരി ഇന്ത്യൻ സംഗീത ചരിത്രത്തിലെ ഒരു യുഗത്തിന്റെ അടയാളപ്പെടുത്തലായി വസതി മാറിയിരിക്കുന്നു.
‘ഹാൾ ഓഫ് ഫെയിം’ എന്ന് കുടുംബം വിളിക്കുന്ന ലിവിംഗ് റൂമിൽ ബാപ്പി ലാഹിരിയുടെ സംഗീത യാത്രയുടെ ഓരോ ഘട്ടവും ദൃശ്യമാണ്. മൂന്ന് വയസ്സിൽ ലഭിച്ച ആദ്യ മെഡൽ മുതൽ ഡിസ്കോ രാജാവെന്ന ഖ്യാതി നേടിക്കൊടുത്ത പുരസ്കാരങ്ങൾ വരെ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹം സംഗീതം അഭ്യസിച്ചിരുന്ന സ്വർണ വെൽവെറ്റ് കസേരയും, ‘ഡിസ്കോ ഡാൻസർ’ കാലത്തെ സ്വർണ്ണം പൂശിയ മൈക്രോഫോണും ആരാധകരുടെ കണ്ണുനിറയ്ക്കുന്ന കാഴ്ചകളാണ്. കിഷോർ കുമാർ അന്തരിക്കുന്നതിന് തലേദിവസം എടുത്ത അദ്ദേഹത്തിന്റെ അവസാന ചിത്രവും വീടിന്റെ സ്വകാര്യ ശേഖരത്തിലുണ്ട്.
ഭക്തിയുടെ കാര്യത്തിലും ബാപ്പി ലാഹിരി ഒട്ടും പിന്നിലായിരുന്നില്ല. വീടിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലധികം ഗണപതി വിഗ്രഹങ്ങളാണ് അദ്ദേഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ബംഗാളി ആചാരപ്രകാരം അദ്ദേഹത്തിന്റെ പാദമുദ്രകൾ ഇന്നും ആ കസേരയിൽ കുടുംബം സംരക്ഷിച്ചുപോരുന്നു. സംഗീതവും വിശ്വാസവും ഒത്തുചേരുന്ന വീട് പ്രിയപ്പെട്ട ‘ബാപ്പി ദാ’യുടെ മരിക്കാത്ത ഓർമ്മകളുമായി ഇന്നും ജ്വലിച്ചുനിൽക്കുന്നു.