17/04/2026
[fontresizer_tawhidurrahmandear_widget]

കാത്തിരിപ്പ് എത്ര നാൾ?; മുണ്ടക്കൈ ദുരന്തബാധിതർക്ക് വിഷുവിനും വീടായില്ല; സർക്കാരിന്റെ ഉറപ്പ് പാഴായി

 കാത്തിരിപ്പ് എത്ര നാൾ?; മുണ്ടക്കൈ ദുരന്തബാധിതർക്ക് വിഷുവിനും വീടായില്ല; സർക്കാരിന്റെ ഉറപ്പ് പാഴായി

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പിൽ വിഷുവിനു മുൻപ് താമസിക്കാമെന്ന പ്രതീക്ഷകൾ അസ്ഥാനത്തായി. ആദ്യഘട്ടത്തിൽ 178 വീടുകൾ വിഷുവിനു മുൻപ് താമസയോഗ്യമാക്കുമെന്ന സർക്കാരിന്റെ ഉറപ്പാണ് പണി പൂർത്തിയാകാത്തതിനെ തുടർന്ന് പാഴായത്. ഇതോടെ ഇത്തവണത്തെ വിഷുവും ദുരിതാശ്വാസ ക്യാമ്പുകളിലും വാടകവീടുകളിലും ആഘോഷിക്കേണ്ടി വരുന്നതിന്റെ നിരാശയിലാണ് ഇവിടുത്തെ കുടുംബങ്ങൾ.

പ്രഖ്യാപിച്ച 178 വീടുകളിൽ 40 എണ്ണത്തിന്റെ നിർമാണം മാത്രമാണ് നിലവിൽ പൂർത്തിയായിരിക്കുന്നത്. മറ്റുള്ളവയിൽ ഡ്രെയിനേജ്, മുറ്റം, ഗേറ്റുകൾ തുടങ്ങിയവയുടെ പണികൾ ഇപ്പോഴും പുരോഗമിക്കുന്നതേയുള്ളൂ. പൂർത്തിയായ വീടുകളിൽ ഉടൻ താമസം തുടങ്ങാൻ അധികൃതർ നിർദേശിച്ചെങ്കിലും, നിർമാണം നടക്കുന്ന മറ്റ് വീടുകൾക്കിടയിൽ ഒറ്റപ്പെട്ട നിലയിൽ താമസിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ദുരന്തബാധിതർ ജില്ലാ കളക്ടറെ അറിയിച്ചു. 178 വീടുകളും സജ്ജമായ ശേഷം ഒരുമിച്ച് താമസം തുടങ്ങാനാണ് ഇവരുടെ തീരുമാനം.

മെയ് 20-ന് കനത്ത മഴ തുടങ്ങുന്നതിന് മുൻപെങ്കിലും പുനരധിവാസം പൂർത്തിയാക്കണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം. മഴ ശക്തമായാൽ പണികൾ ഇനിയും തടസ്സപ്പെടുമെന്നും, ഒറ്റപ്പെട്ടുപോയ സ്ത്രീകൾക്കും മറ്റും ഇവിടെ താമസമുറപ്പിക്കുക പ്രയാസമാകുമെന്നും ഇവർ ആശങ്കപ്പെടുന്നു. വീടുകൾ വൈകുന്നതിനൊപ്പം കഴിഞ്ഞ മാസത്തെ സർക്കാർ ധനസഹായമായ 9,000 രൂപ മുടങ്ങിയതും ഇവരെ സാമ്പത്തികമായി വലയ്ക്കുന്നുണ്ട്.

അതേസമയം, മുസ്ലിം ലീഗ് നിർമിക്കുന്ന ഭവനപദ്ധതിയുടെ രണ്ടാംഘട്ട നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയ 51 വീടുകളുടെ താക്കോൽദാനം നേരത്തെ നടന്നിരുന്നു. ബാക്കിയുള്ള 54 വീടുകൾ ഒന്നര മാസത്തിനുള്ളിൽ കൈമാറാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. സർക്കാർ ടൗൺഷിപ്പ് നിർമാണം മെയ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും, നിലവിലെ വേഗതയിൽ അത് എത്രത്തോളം പ്രായോഗികമാണെന്ന ആശങ്ക ബാക്കിയാവുകയാണ്.

Also read: