കുടുംബം പോറ്റാൻ അച്ചാർ വില്പനയ്ക്കിറങ്ങിയ 13-കാരൻ: ബദ്‌റുദ്ദീൻ ഇപ്പോൾ സ്വയമൊരു ബ്രാൻഡാണ്; ഇൻസ്റ്റയിൽ ലക്ഷം ഫോളോവേഴ്‌സ്
കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഉബൈദ് നൽകിയ നോട്ടുകൾ അതിവേഗത്തിൽ എണ്ണുന്ന ഒരു കൊച്ചു മിടുക്കന്റെ വീഡിയോ മലയാളിക്ക് മറക്കാനാവില്ല. ടൗണിലെ ട്രാഫിക് സിഗ്‌നലിൽ സ്കൂൾ ബാഗും തോളിലിട്ട് അച്ചാർ കുപ്പികളുമായി നിന്ന ആ 13-കാരൻ, ഇന്ന് കാസർകോടിന്റെ അഭിമാനമായ ഒരു ബ്രാൻഡായി മാറിയിരിക്കുകയാണ്. കുടുംബം പോറ്റാൻ തെരുവിലിറങ്ങിയ മുഹമ്മദ് ബദറുദ്ദീൻ എന്ന എട്ടാം ക്ലാസുകാരൻ, തന്റെ നിശ്ചയദാർഢ്യം കൊണ്ട് നാടിന്റെയാകെ കൈയടി നേടുകയാണ്. കാസർകോട് ടൗണിലെ ട്രാഫിക് സിഗ്‌നലിൽ
ബോവിക്കാനം എയുപിഎസ് വിദ്യാർത്ഥിയായ ബദറുദ്ദീന്റെ ജീവിതം മാറ്റിമറിച്ചത് ഒരു സോഷ്യൽ മീഡിയ വീഡിയോയാണ്. രാത്രി തിരക്കേറിയ റോഡിൽ അച്ചാർ വിൽക്കുന്നതിനിടയിലാണ് ഇൻഫ്ലുവൻസറായ ഉബൈദ് ബദറുദ്ദീനെ കാണുന്നത്. അന്ന് ഉബൈദ് നൽകിയ 19,600 രൂപ തെറ്റുകൂടാതെ വേഗത്തിൽ എണ്ണിത്തീർത്ത ബദറുദ്ദീന്റെ കൗശലം സോഷ്യൽ മീഡിയയിൽ തരംഗമായി. എന്നാൽ ആ പണമിടപാടിനേക്കാൾ ഉപരിയായി, ആ കുട്ടിയുടെ പിന്നിലെ അതിജീവനത്തിന്റെ കഥയാണ് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം തൊട്ടത്.
എൻഡോസൾഫാൻ ദുരിതബാധിതയായ ഉമ്മ ബീഫാത്തിമയെയും കുടുംബത്തെയും സഹായിക്കാനാണ് ബദറുദ്ദീൻ തെരുവോരക്കച്ചവടത്തിലേക്ക് ഇറങ്ങിയത്. ജന്മനാ നടക്കാൻ പ്രയാസമുള്ള ഉമ്മ പണ്ട് മുല്ലപ്പൂ കെട്ടിയാണ് കുടുംബം പുലർത്തിയിരുന്നത്. പിതാവ് ഓട്ടോറിക്ഷ ഡ്രൈവർ ആണെങ്കിലും നിലവിൽ ജോലിക്ക് പോകുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വന്തമായൊരു വരുമാന മാർഗ്ഗം എന്ന നിലയിൽ ‘ബദറുദ്ദീൻ പിക്കിൾസ്’ ജന്മമെടുത്തത്.
ഉമ്മയും ഉമ്മൂമ്മയും ചേർന്ന് സ്നേഹത്തോടെ തയ്യാറാക്കുന്ന അച്ചാർ ബദറുദ്ദീനും സഹോദരിമാരും ചേർന്നാണ് കുപ്പികളിലാക്കുന്നത്. സ്കൂൾ വിട്ട് വന്നാൽ വൈകുന്നേരം 6 മണി മുതൽ രാത്രി 8:30 വരെ കാസർകോട് പ്രസ് ക്ലബ് ജംഗ്ഷനിൽ ബദറുദ്ദീനെ കാണാം.
വീഡിയോ വൈറലായതോടെ ബദറുദ്ദീന്റെ ജീവിതത്തിലും മാറ്റങ്ങൾ വന്നു. ഇന്ന് ഇൻസ്റ്റഗ്രാമിൽ 1.08 ലക്ഷത്തിലധികം (108k) ഫോളോവേഴ്‌സുള്ള ഒരു മിനി ഇൻഫ്ലുവൻസർ കൂടിയാണ് ഈ മിടുക്കൻ. സഹോദരി ആയിഷാത്ത് ശബ്‌നയാണ് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത്. വെറുമൊരു തെരുവുവിൽപനക്കാരൻ എന്ന നിലയിൽ നിന്നും ‘ബദറുദ്ദീൻ പിക്കിൾസ്’ എന്ന ബ്രാൻഡിലേക്ക് ഈ കൊച്ചു സംരംഭകൻ വളർന്നു കഴിഞ്ഞു.
മാങ്ങ അച്ചാറിന് പുറമെ കാരറ്റ്, വെളുത്തുള്ളി എന്നിങ്ങനെ വൈവിധ്യമാർന്ന അച്ചാറുകൾ ഇപ്പോൾ ബദറുദ്ദീൻ പിക്കിൾസിലൂടെ ലഭ്യമാണ്. ഗുണമേന്മയേറിയ അച്ചാറുകൾക്ക് കാൽ കിലോയ്ക്ക് 60 രൂപയും ഒരു കിലോയ്ക്ക് 230 രൂപയുമാണ് വില. നിലവിൽ നേരിട്ടുള്ള വിൽപനയ്ക്കും സോഷ്യൽ മീഡിയ വഴിയുള്ള ഓർഡറുകൾക്കും പുറമെ, വിപണി കൂടുതൽ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചു സംരംഭകൻ. സ്വന്തമായി വെബ്‌സൈറ്റ് ആരംഭിക്കുന്നതിനൊപ്പം ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ വഴി വീട്ടുപടിക്കൽ അച്ചാർ എത്തിക്കാനുള്ള വിപുലമായ പദ്ധതികളും ബദറുദ്ദീന്റെ ലക്ഷ്യങ്ങളിലുണ്ട്.
അടുത്തിടെ സ്വന്തമായി ഒരു വീട് നിർമിക്കാനും സർക്കാരിൽ നിന്നുള്ള ധനസഹായത്തോടെ കുടുംബത്തിന് സാധിച്ചു. പ്രതിസന്ധികളോട് പൊരുതി ജയിക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ബദറുദ്ദീൻ എന്ന ഈ കൊച്ചു കാസർകോടുകാരൻ.