03/04/2026
[fontresizer_tawhidurrahmandear_widget]

യുഎസ് പൈലറ്റ് ഇറാന്റെ പിടിയിൽ? എഫ്-35 തകർന്ന മേഖലയിൽ തിരച്ചിലുമായി വട്ടമിട്ട് പറന്ന് അമേരിക്കൻ വിമാനങ്ങൾ

 യുഎസ് പൈലറ്റ് ഇറാന്റെ പിടിയിൽ? എഫ്-35 തകർന്ന മേഖലയിൽ തിരച്ചിലുമായി വട്ടമിട്ട് പറന്ന് അമേരിക്കൻ വിമാനങ്ങൾ

തെഹ്‌റാൻ: ഇറാൻ വെടിവച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ പൈലറ്റ് വിപ്ലവ ഗാർഡിന്റെ പിടിയിലെന്ന് റിപ്പോർട്ട്. തെക്കൻ ഇറാന്റെ ആകാശപരിധിയിൽ വെച്ച് തകർന്നുവീണ അമേരിക്കയുടെ അത്യാധുനിക എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ വിമാനത്തിലെ ഉദ്യോഗസ്ഥരെ കണ്ടെത്താനായി ഊർജിതമായ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് യുഎസ് സൈന്യം. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി മേഖലയിൽ അമേരിക്കയുടെ വിദഗ്ധ സെർച്ച് ഓപറേഷൻ വിമാനങ്ങളും ഹെലികോപ്ടറുകളും താഴ്ന്നും വട്ടമിട്ടും പറക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വിമാനത്തിലെ പൈലറ്റിനെയും വെപൺസ് ഓഫീസറെയും കുറിച്ചുള്ള വിവരങ്ങളാണു ലഭ്യമല്ലാത്തത്. അതിനിടെ, ഇവരെ കണ്ടെത്താനുള്ള അമേരിക്കൻ സൈന്യത്തിന്റെ രക്ഷാദൗത്യം പരാജയപ്പെട്ടതായി സൂചനയുണ്ട്. വിമാനത്തിൽനിന്ന് ഉദ്യോഗസ്ഥർ ഇജക്ഷൻ സീറ്റ് വഴി പുറത്തേക്ക് ചാടിയെങ്കിലും, ഇവരെ ഐആർജിസി പിടികൂടിയതായാണ് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘തസ്‌നീം’ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബ്രിട്ടനിലെ ആർഎഎഫ് ലക്കൻഹീത്ത് താവളത്തിൽനിന്നുള്ള 494-ാം ഫൈറ്റർ സ്‌ക്വാഡ്രണിന്റെ ഭാഗമായ വിമാനമാണ് ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടത്. ‘ഓപറേഷൻ എപിക് ഫ്യൂരി’യുടെ ഭാഗമായി വിന്യസിച്ച ഈ വിമാനം തകർന്നത് അമേരിക്കൻ വ്യോമസേനയ്‌ക്കേറ്റ കനത്ത പ്രഹരമാണ്. യുദ്ധം ആരംഭിച്ച ശേഷം ഇത് രണ്ടാമത്തെ എഫ്-35 ആണ് ഇറാൻ വെടിവച്ചിടുന്നത്.

വിമാനം തകർന്നതിന് തൊട്ടുപിന്നാലെ പൈലറ്റുമാരെ കണ്ടെത്താനായി യുഎസ് എയർഫോഴ്‌സ് വൻതോതിലുള്ള ‘കോംബാറ്റ് സെർച്ച് ആൻഡ് റെസ്‌ക്യൂ’ ദൗത്യം ആരംഭിച്ചിരുന്നു. യുഎസ് എയർഫോഴ്‌സിന്റെ അത്യാധുനിക ‘എച്ച്‌സി-130ജെ കോംബാറ്റ് കിങ് 2’ വിമാനങ്ങളും, യുഎച്ച്-60 ബ്ലാക്ക്‌ഹോക്ക്, എച്ച്എച്ച്-60ജി പേവ് ഹോക്ക് ഹെലികോപ്റ്ററുകളും ഇറാന്റെ തെക്കൻ പ്രവിശ്യകളായ കൊഹ്ലിലുയെ, ബോയർ-അഹമ്മദ് എന്നിവിടങ്ങളിൽ താഴ്ന്നു പറന്ന് തിരച്ചിൽ നടത്തി. എന്നാൽ, ഇറാന്റെ ശക്തമായ വ്യോമപ്രതിരോധവും ഐആർജിസിയുടെ തന്ത്രപരമായ നീക്കങ്ങളും കാരണം ഈ രക്ഷാദൗത്യത്തിന് പൈലറ്റുമാരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.

തകർക്കപ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങളുടെയും പൈലറ്റ് ഉപയോഗിച്ച അത്യാധുനിക മക്‌ഡോണൽ ഡഗ്ലസ് എസിഇഎസ് II ഇജക്ഷൻ സീറ്റിന്റെയും ചിത്രങ്ങൾ ഇറാൻ പുറത്തുവിട്ടു. വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ യുഎസ് എയർഫോഴ്‌സിന്റെ സീലുകളും ‘CAUTION: USE ONLY NON-MAGNETIC FASTENERS’ എന്ന നിർദേശവും വ്യക്തമായി കാണാം. വിമാനത്തിന്റെ പിൻഭാഗത്തെ സ്റ്റെബിലൈസറും മറ്റ് നിർണായക ഭാഗങ്ങളും ഇറാൻ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.

അമേരിക്കൻ പൈലറ്റുമാർ ഇറാന്റെ പിടിയിലായെന്ന വാർത്ത അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങളെ വലിയ സമ്മർദത്തിലാക്കിയിട്ടുണ്ട്. തങ്ങളുടെ ഏറ്റവും മികച്ച പൈലറ്റുമാരെയും യുദ്ധവിമാനങ്ങളെയും ഉപയോഗിച്ച് തിരിച്ചടിക്കാൻ അമേരിക്ക തയ്യാറെടുക്കുമ്പോൾ, പൈലറ്റുമാരെ തടവിലാക്കിയത് ഇറാൻ നയതന്ത്ര ആയുധമായി ഉപയോഗിക്കാനാണ് സാധ്യത. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധലക്ഷ്യങ്ങൾ പൂർത്തിയായെന്ന് അവകാശപ്പെടുമ്പോഴും, ഇത്തരത്തിൽ ഒരു യുദ്ധവിമാനം തകർക്കപ്പെട്ടത് സംഘർഷം കൂടുതൽ രൂക്ഷമാകുമെന്നതിന്റെ സൂചനയാണ് നൽകുന്നത്.

Also read: