‘വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് സിപിഎമ്മിലെ ആരും പറയുന്നതായി കേട്ടിട്ടില്ല’; മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് സിപിഎമ്മിലെ ആരും പറയുന്നതായി താൻ കേട്ടിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ വോട്ട് വാങ്ങുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വോട്ടർ പട്ടികയിൽ ആരുടെയും രാഷ്ട്രീയമോ പേരോ പ്രത്യേകം രേഖപ്പെടുത്തുന്നില്ലെന്നും, പട്ടികയിൽ പേരുള്ള എല്ലാവരുടെയും വോട്ട് താൻ വാങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
“വോട്ടർ ലിസ്റ്റിൽ എസ്‌ഡിപിഐ എന്നോ ബിജെപി എന്നോ ഒന്നും എഴുതിയിട്ടില്ലല്ലോ. പേരും വിലാസവും മാത്രമല്ലേ ഉണ്ടാകൂ. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ളവരുടെ എല്ലാ വോട്ടും ഞാൻ വാങ്ങും. വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് സിപിഎം പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് എനിക്ക് ഓർമ്മയില്ല,” എന്നായിരുന്നു ശിവൻകുട്ടിയുടെ വാക്കുകൾ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന സൂചനയാണ് മന്ത്രിയുടെ ഈ വാക്കുകൾ നൽകുന്നത്. എസ്‌ഡിപിഐയുമായുള്ള സിപിഎം ധാരണയെക്കുറിച്ച് പ്രതിപക്ഷം ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് മന്ത്രിയുടെ ഈ തുറന്നുപറച്ചിൽ എന്നത് ശ്രദ്ധേയമാണ്.
അതേസമയം, പാർട്ടി നേതൃത്വത്തിന്റെ ഈ നിലപാടുകളെ പരോക്ഷമായി വെല്ലുവിളിച്ചുകൊണ്ട് എസ്എഫ്ഐ രംഗത്തെത്തിയിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ എസ്‌ഡിപിഐക്കെതിരെ കടുത്ത ഭാഷയിലുള്ള ബാനറാണ് എസ്എഫ്ഐ ഉയർത്തിയിരിക്കുന്നത്. “അഭിമന്യുവിനെ കൊന്ന എസ്‌ഡിപിഐയോട്, വർഗീയതയോട് ഒരു ഘട്ടത്തിലും സന്ധിയില്ല” എന്നാണ് ബാനറിലെ വാചകം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മഹാരാജാസിലെ വിദ്യാർത്ഥികൾ ഈ ബാനർ സ്ഥാപിച്ചത്. സിപിഎം നേതൃത്വം വോട്ട് നേടാനായി സ്വീകരിക്കുന്ന മൃദുസമീപനത്തിനെതിരെ സ്വന്തം വിദ്യാർത്ഥി സംഘടനയിൽ നിന്നുതന്നെ പ്രതിഷേധം ഉയരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ രക്തസാക്ഷിത്വം ഉയർത്തിക്കാട്ടി വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് തങ്ങൾക്കെന്ന് എസ്എഫ്ഐ പ്രഖ്യാപിക്കുമ്പോഴും, വോട്ട് കണക്കുകളിൽ മന്ത്രി നൽകിയ വിശദീകരണം ഇടത് മുന്നണിക്കുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ രൂപപ്പെടാൻ കാരണമായിട്ടുണ്ട്.