മൂന്ന് രാത്രി കൊടും കാട്ടിൽ കരുത്തോടെ പിടിച്ചു നിന്ന ‘സൂപ്പര്‍’ ശരണ്യ
കാസർകോട്: കുടകിലെ കൊടുംകാട്ടിൽ മൂന്ന് രാത്രിയും രണ്ട് പകലും ഒറ്റപ്പെട്ടുപോയ നാദാപുരം സ്വദേശിനി ജി.എസ് ശരണ്യ (30) മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തി. വ്യാഴാഴ്ച ഉച്ചയോടെ കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ, ഇന്നലെ വൈകീട്ടോടെയാണ് വനത്തിനുള്ളിലെ അരുവിക്കു സമീപം കണ്ടെത്തിയത്. ഉയിർപ്പുതിരുനാൾ ദിനത്തിൽ ലഭിച്ച ഈ മടങ്ങിവരവ് ബന്ധുക്കൾക്കും നാടിനും വലിയ ആശ്വാസമായി.
കൊച്ചിയിൽ സോഫ്റ്റ്‌വേർ ഡെവലപ്പറായ ശരണ്യ തനിച്ച് ട്രക്കിങ്ങിനായാണ് കുടകിലെത്തിയത്. ഹോംസ്റ്റേ അധികൃതരുടെ നിർദേശപ്രകാരം ഒരു സംഘത്തോടൊപ്പമാണ് മലകയറിയതെങ്കിലും ഇറങ്ങുന്നതിനിടെ കോടമഞ്ഞ് കാരണം വഴിതെറ്റുകയായിരുന്നു. ഫോൺ ഓഫായതോടെ ആശയവിനിമയം നിലച്ചു. കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ശരണ്യ, സുരക്ഷിതമായ ഒരു പാറപ്പുറത്ത് അഭയം തേടുകയും കാട്ടരുവിയിലെ വെള്ളം മാത്രം കുടിച്ച് വിശപ്പടക്കുകയും ചെയ്തു. പകൽസമയങ്ങളിൽ ശരണ്യ കൂക്കിവിളിച്ച് ശബ്ദമുണ്ടാക്കിയത് തിരച്ചിൽ സംഘത്തിന് സഹായകമായി.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേരിട്ടുള്ള ഇടപെടലിൽ വനംവകുപ്പും പോലീസും ആദിവാസി യുവാക്കളും ചേർന്ന് നടത്തിയ ഊർജിത തിരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്താനായത്. ആരോഗ്യനില തൃപ്തികരമായ ശരണ്യ ഇന്ന് പുലർച്ചയോടെ നാദാപുരത്തെ വീട്ടിലെത്തി. നാല് ദിവസത്തെ ഭീതിപ്പെടുത്തുന്ന അനുഭവങ്ങൾക്കിടയിലും തളരാത്ത ശരണ്യ, ട്രക്കിങ് ഇനിയും തുടരുമെന്ന ഉറച്ച നിലപാടിലാണ്. കർണാടക വനപാലകർ നേരിട്ടെത്തിയാണ് ശരണ്യയെ മാതാപിതാക്കൾക്ക് കൈമാറിയത്.