അമേരിക്കയുടെ ശതകോടികളുടെ യുദ്ധവിമാനം തകർത്തത് തോളിൽ വെച്ച് തൊടുക്കുന്ന മിസൈൽ; സ്ഥിരീകരണവുമായി ട്രംപ്
വാഷിങ്ടൺ: കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാന്റെ മണ്ണിൽ വെച്ച് തകർക്കപ്പെട്ട അമേരിക്കൻ എഫ്-15ഇ യുദ്ധവിമാനത്തിന് നേരെ പ്രയോഗിച്ചത് തോളിൽ വെച്ച് ഉപയോഗിക്കാവുന്ന താപഗ്രാഹി മിസൈൽ(Heat-seeking missile) ആണെന്ന് വെളിപ്പെടുത്തൽ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണു സ്ഥിരീകരണം നടത്തിയത്. വിമാനത്തിന്റെ എൻജിനിൽനിന്നുള്ള ചൂട് തിരിച്ചറിഞ്ഞ മിസൈൽ കൃത്യമായി എൻജിനിലേക്ക് തന്നെ തുളച്ചുകയറുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
അമേരിക്കയുടെ ഏറ്റവും കരുത്തുറ്റ യുദ്ധവിമാനങ്ങളിലൊന്നായ എഫ്-15ഇ ഇതാദ്യമായാണ് ഒരു യുദ്ധമുഖത്ത് വെച്ച് വെടിവെച്ചിടപ്പെടുന്നത്. ആയിരക്കണക്കിന് കോടികൾ വിലമതിക്കുന്ന വിമാനത്തെ തകർത്തത് വെറും ലക്ഷങ്ങൾ മാത്രം വിലയുള്ള ‘മാൻപാഡ്‌സ്’ എന്ന പേരിൽ അറിയപ്പെടുന്ന മാൻ പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റം മിസൈലുകളാണ്. ഇത് അമേരിക്കൻ സൈന്യത്തിന് വലിയ സാമ്പത്തിക-സൈനിക ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വെടിവെച്ചിട്ട വിമാനത്തിലെ പൈലറ്റിനെയും വെപൺ സിസ്റ്റം ഓഫീസറെയും ഇറാന്റെ ഉള്ളിൽ നിന്ന് സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും, ദൗത്യത്തിനിടെ അമേരിക്കയ്ക്ക് കനത്ത നഷ്ടങ്ങൾ സംഭവിച്ചു. ഒരു എ-10 അറ്റാക്ക് ജെറ്റ് വിമാനവും സ്‌പെഷ്യൽ മിഷൻ വിഭാഗത്തിലെ രണ്ട് എംസി-130ജെ ഹെർക്കുലീസ് വിമാനങ്ങളും ഏതാനും ഹെലികോപ്റ്ററുകളും ദൗത്യത്തിനിടെ തകർന്നു.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ (ഐഐഎസ്എസ്) ‘മിലിട്ടറി ബാലൻസ് 2025’ പ്രകാരം, ഇറാന്റെ പക്കൽ വൈവിധ്യമാർന്ന മാൻപാഡ്‌സ് ശേഖരമുണ്ട്. സോവിയറ്റ് കാലത്തെ ‘സ്‌ട്രെല’, റഷ്യൻ നിർമിത ‘ഇഗ്ല’, ഇറാൻ തന്നെ നിർമിക്കുന്ന ‘മിസാഗ്’ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ഏത് മിസൈലാണ് എഫ്-15 തകർക്കാൻ ഉപയോഗിച്ചതെന്ന് വ്യക്തമല്ല.
താഴ്ന്നു പറക്കുന്ന വിമാനങ്ങൾക്ക് ഇത്തരം മിസൈലുകൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇവ എളുപ്പത്തിൽ ഒളിപ്പിക്കാനും കൊണ്ടുപോകാനും സാധിക്കും. സാധാരണ ഒരു കാറിന്റെ ഡിക്കിയിൽ വരെ ഒളിപ്പിക്കാവുന്ന വലിപ്പമേ ഇതിനുള്ളൂ. നാലു മുതൽ 6.5 അടി വരെ നീളവും ഏകദേശം 12 മുതൽ 25 കിലോ വരെ മാത്രം ഭാരവുമുള്ള ഈ മിസൈലുകൾ ശത്രുക്കൾക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നത് വലിയ അപകടമാണ്.