ഇസ്രയേൽ ആക്രമണത്തിൽ തെഹ്റാനിലെ ജൂത ദേവാലയം സമ്പൂർണമായി തകർന്നു
തെഹ്റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ചരിത്രപ്രധാനമായ ജൂത ദേവാലയം പൂർണമായും തകർന്നു. ഇന്നു പുലർച്ചെ നാല് മണിയോടെ തെഹ്റാനിലെ ഫലസ്തീൻ സ്ട്രീറ്റിലുള്ള റാഫി-നിയ സിനഗോഗിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന പുറത്തുവിട്ട ദൃശ്യങ്ങളിൽ ദേവാലയം പൂർണമായും തകർന്നടിഞ്ഞ നിലയിലാണ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം നിലംപൊത്തുകയും അവശിഷ്ടങ്ങൾക്കിടയിൽ വിശുദ്ധ മതഗ്രന്ഥങ്ങൾ ചിതറിക്കിടക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സിനഗോഗിന് സമീപമുള്ള ഒരു തന്ത്രപ്രധാന കെട്ടിടത്തെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണത്തിനിടെയാണ് ദേവാലയം തകർന്നതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ, രാജ്യത്തെ ജൂത സമൂഹത്തെയും അവരുടെ ആരാധനാലയങ്ങളെയും ഇസ്രയേൽ നേരിട്ട് ലക്ഷ്യം വെച്ചതാണെന്ന് ഇറാൻ മാധ്യമങ്ങൾ ആരോപിച്ചു. പടിഞ്ഞാറൻ ഏഷ്യയിൽ ഇസ്രയേൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജൂതന്മാർ വസിക്കുന്ന രാജ്യമാണ് ഇറാൻ.
ആക്രമണത്തിൽ സിനഗോഗിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇസ്രയേലിന്റെ ഡയസ്പോറ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ ദേവാലയം പൂർണമായും തകർക്കപ്പെട്ടത് ഇറാന്റെ പ്രചാരണത്തിന്റെ ഭാഗമാണെന്നും ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്. തങ്ങൾ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യം വെച്ചതെന്നാണ് ഇസ്രയേലിന്റെ ഔദ്യോഗിക വിശദീകരണം.