180 പെൺകുട്ടികളെ പ്രണയക്കെണിയിൽ വീഴ്ത്തി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ; കിടപ്പറ പങ്കിടുന്ന 350-ലധികം വീഡിയോകൾ കണ്ടെടുത്തു
അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് പെൺകുട്ടികളെ പ്രണയം നടിച്ച് ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. പരത്വാഡ സ്വദേശിയായ മുഹമ്മദ് അയാസ് എന്ന തൻവീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിജെപി എംപി അനിൽ ബോൻഡെ നൽകിയ പരാതിയെത്തുടർന്നാണ് പോലീസിന്റെ നടപടി.
പെൺകുട്ടികളെ പ്രണയക്കെണിയിൽ വീഴ്ത്തി മുംബൈയിലേക്കും പൂനെയിലേക്കും കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു ഇയാളുടെ രീതി. 180-ഓളം പെൺകുട്ടികളെ ഇത്തരത്തിൽ ചൂഷണം ചെയ്ത പ്രതി, 350-ലധികം വീഡിയോകൾ പകർത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്യാനും വേശ്യാവൃത്തിക്ക് നിർബന്ധിക്കാനും ഇയാൾ ശ്രമിച്ചിരുന്നതായി ആരോപണമുണ്ട്. വാട്ട്സ്ആപ്പ്, സ്നാപ്ചാറ്റ് ഗ്രൂപ്പുകൾ വഴി ആസൂത്രിതമായാണ് ഇയാൾ ഇരകളെ കണ്ടെത്തിയിരുന്നത്.
പ്രതിയെ കോടതി ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ സൈബർ സെൽ പരിശോധിച്ചുവരികയാണ്. ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും മറ്റേതെങ്കിലും ക്രിമിനൽ സംഘങ്ങൾ ഇതിനു പിന്നിലുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും സമുദായ നേതാക്കളും രംഗത്തെത്തി.
മുമ്പ് രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന പ്രതിയുടെ അറസ്റ്റിന് പിന്നാലെ ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നിർണായകമായ പല വിവരങ്ങളും നീക്കം ചെയ്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് സൂപ്രണ്ട് അറിയിച്ചു.