ചകിരിക്ക് പൊന്നും വില! 2025ൽ ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് പോയത് 5,600 കോടിയുടെ ചകിരി ഉത്പന്നങ്ങൾ
വടകര: ആഗോള വിപണിയിൽ ചകിരി ഉത്പന്നങ്ങൾക്ക് ഡിമാൻഡ് ഏറുന്നതോടെ ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ വൻ മുന്നേറ്റം. പരമ്പരാഗത നാളികേര ഉത്പന്നങ്ങളെ പിന്നിലാക്കി ചകിരി ഉത്പന്നങ്ങൾ വൻ വരുമാനമാണ് രാജ്യത്തിന് നേടിക്കൊടുക്കുന്നത്. 2025-ൽ 61.2 കോടി ഡോളർ (ഏതാണ്ട് 5600 കോടി രൂപ) മൂല്യമുള്ള ചകിരി ഉത്പന്നങ്ങളാണ് ഇന്ത്യ കയറ്റിയയച്ചത്. ഇതേ കാലയളവിൽ നാളികേര ഉത്പന്നങ്ങളുടെ കയറ്റുമതി മൂല്യം 4,349 കോടി രൂപ മാത്രമാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചകിരി ഉത്പന്നങ്ങളുടെ കയറ്റുമതി മൂല്യത്തിൽ 70 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 2024-ൽ 3,300 കോടി രൂപയായിരുന്ന സ്ഥാനത്താണിത്. ശ്രീലങ്ക (21%), ഇൻഡൊനേഷ്യ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളി ഈ മേഖലയിൽ ലോകത്തെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് ഇന്റർനാഷണൽ കോക്കനട്ട് കമ്യൂണിറ്റിയുടെ (ഐസിസി) റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയുടെ ആകെ കയറ്റുമതി വരുമാനത്തിന്റെ 85 ശതമാനവും ചകിരിച്ചോറിൽ നിന്നാണ്. ഹൈഡ്രോപോണിക്‌സ് ഉൾപ്പെടെയുള്ള ആധുനിക കൃഷിരീതികളിലും വാണിജ്യ തോട്ടങ്ങളിലും ചകിരിച്ചോർ മാധ്യമമായി ഉപയോഗിക്കുന്നത് ഇതിന്റെ ഡിമാൻഡ് വർധിപ്പിച്ചു. 2025-ൽ 9.54 ലക്ഷം ടൺ ചകിരിച്ചോറാണ് കയറ്റുമതി ചെയ്തത്. അളവിൽ 30 ശതമാനം വർധനവുണ്ടായപ്പോൾ, ഉയർന്ന ആഗോളവില കാരണം മൂല്യത്തിൽ 85 ശതമാനം വർധനവ് നേടാൻ സാധിച്ചു.
നാളികേരത്തെ കടത്തിവെട്ടി ചകിരി; കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പുമായി ഇന്ത്യചകിരിയുടെ ഡിമാൻഡ് വർധിക്കുന്നത് നാളികേര കർഷകർക്കും പ്രതീക്ഷ നൽകുന്നുണ്ട്. പണ്ട് പറമ്പുകളിൽ ഉപേക്ഷിച്ചിരുന്ന ചകിരി തേടി ഇപ്പോൾ നിർമ്മാതാക്കൾ ഗ്രാമങ്ങളിലേക്ക് എത്തുന്നുണ്ട്. നിലവിൽ 100 തേങ്ങയുടെ ചകിരിക്ക് 70 മുതൽ 100 രൂപ വരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. ചിരട്ടയ്ക്ക് പിന്നാലെ ചകിരിക്കും മികച്ച വില ലഭിക്കുന്നത് നാളികേര മേഖലയ്ക്ക് പുതിയ ഉണർവ് പകരുന്നു.