വേണമെങ്കിൽ മരത്തിലും മുന്തിരി കായ്ക്കും; കൗതുകമായി ഷംസുദ്ദീൻ ഹാജിയുടെ ’ബ്രസീലിയൻ ജബോട്ടിക്ക’
മാവൂർ: സാധാരണ മുന്തിരിവള്ളികൾ പന്തലിൽ പടർന്നുനിൽക്കുന്ന കാഴ്ചയിൽ നിന്നും വ്യത്യസ്തമായി, മരത്തിന്റെ തായ്ത്തടിയിൽ മുന്തിരിക്കുലകൾ വിസ്മയം തീർക്കുന്ന കാഴ്ചയാണ് പനങ്ങോട്ടെ മതിലകത്തു പറമ്പിൽ കെ.വി ഷംസുദ്ദീൻ ഹാജിയുടെ കൃഷിയിടത്തിലുള്ളത്. ജബോട്ടിക്ക എന്നറിയപ്പെടുന്ന ബ്രസീലിയൻ മരമുന്തിരിയാണ് തന്റെ അഞ്ചേക്കർ കൃഷിയിടത്തിൽ അദ്ദേഹം വിജയകരമായി വിളയിച്ചെടുത്തത്.
10 വർഷം മുൻപ് കൗതുകത്തിനായി നട്ടുപിടിപ്പിച്ച മൂന്ന് തൈകളാണ് ഇപ്പോൾ തായ്ത്തടിയിലും ശാഖകളിലുമായി നിറയെ പഴങ്ങളുമായി നിൽക്കുന്നത്. കേരളത്തിലെ കാലാവസ്ഥയിൽ ഇവ അത്ര വേഗം കായ്ക്കില്ലെന്ന ധാരണയെ തിരുത്തിക്കുറിച്ചാണ് 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മരമുന്തിരികൾ സമൃദ്ധമായി കായ്ച്ചത്. മരത്തിന്റെ ചുവടു മുതൽ മുകളറ്റം വരെയുള്ള തടിയിൽ മുന്തിരിപ്പഴങ്ങൾ പറ്റിപ്പിടിച്ചു കിടക്കുന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. പഴുക്കുമ്പോൾ കടും കറുപ്പ് നിറമാകുന്ന ഈ പഴങ്ങൾക്ക് ഉള്ളിൽ നല്ല മധുരമുള്ള കാമ്പാണുള്ളത്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഇവ നേരിട്ട് കഴിക്കാനും ജ്യൂസ്, ജാം എന്നിവയ്ക്കും അനുയോജ്യമാണ്. മരമുന്തിരിയിലെ ‘സറാബ’ എന്ന ഇനമാണ് ഷംസുദ്ദീൻ ഹാജി കൃഷി ചെയ്യുന്നത്.
മരമുന്തിരിക്ക് പുറമെ നൂറിലേറെ ഇനം മാവുകൾ, ഔഷധ സസ്യങ്ങൾ, വിവിധ തരം പ്ലാവുകൾ, ഡ്രാഗൺ ഫ്രൂട്ട്, സ്നേക്ക് ഫ്രൂട്ട്, അബിയു, റൊളേനിയ, റംപൂട്ടാൻ തുടങ്ങി വൈവിധ്യമാർന്ന പഴവർഗ്ഗങ്ങളാൽ സമ്പന്നമാണ് ഇദ്ദേഹത്തിന്റെ കൃഷിയിടം. തന്റെ തോട്ടത്തിലെ പഴങ്ങളൊന്നും തന്നെ അദ്ദേഹം വിൽക്കാറില്ല. മറിച്ച്, ഇവിടെയെത്തുന്നവർക്ക് സൗജന്യമായി മതിയാവോളം പഴങ്ങൾ കഴിക്കാനും സൗഹൃദം പങ്കിടാനുമുള്ള അവസരമാണ് ഷംസുദ്ദീൻ ഹാജി ഒരുക്കിയിരിക്കുന്നത്.