21/04/2026
[fontresizer_tawhidurrahmandear_widget]

ചൂട് കൂടുന്നു: വീടുകളിൽ പാമ്പുകളെത്തിയേക്കാം; ഈ മുൻകരുതലുകൾ പാലിക്കുക

 ചൂട് കൂടുന്നു: വീടുകളിൽ പാമ്പുകളെത്തിയേക്കാം; ഈ മുൻകരുതലുകൾ പാലിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ വീട്ടുപരിസരങ്ങളിലും വീടിനുള്ളിലും പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്നു. ഈർപ്പമുള്ള ഇടങ്ങൾ തേടി പാമ്പുകൾ ജനവാസ മേഖലകളിലേക്ക് എത്തുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. അടുത്തിടെ മലപ്പുറത്ത് എട്ടു വയസ്സുകാരൻ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോൾ പാമ്പുകടിയേറ്റ് മരിച്ച സംഭവം നാടിനെ നടുക്കിയിരുന്നു. സമാന സാഹചര്യത്തിൽ കുട്ടിയുടെ സഹോദരനും കടിയേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് വന്യജീവി സംരക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

എന്തുകൊണ്ട് പാമ്പുകൾ വീടിനുള്ളിലെത്തുന്നു?

ശീതരക്ത ജീവികളായ പാമ്പുകൾക്ക് അമിതമായ ചൂട് താങ്ങാൻ കഴിയില്ല. അതിനാൽ തണുപ്പും ഈർപ്പവുമുള്ള സ്ഥലങ്ങൾ തേടിയാണ് ഇവ വീടുകൾക്കുള്ളിലേക്ക് എത്തുന്നത്. കുളിമുറികൾ, ചെടിച്ചട്ടികൾ, തറയോടുകൾക്കിടയിലെ വിള്ളലുകൾ, നനവുള്ള തുണികൾക്കിടയിലോ കിടക്കയിലോ ഒക്കെ ഇവ ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്. നിലവിൽ മൂർഖൻ പാമ്പുകളുടെ മുട്ട വിരിയുന്ന സമയവും അണലികളുടെ പ്രസവകാലവുമാണ്. പാമ്പിൻ കുഞ്ഞുങ്ങൾ ഈർപ്പം തേടി സഞ്ചരിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു.

വീടിനു ചുറ്റും വേണം സുരക്ഷ

മാലിന്യങ്ങൾ അലക്ഷ്യമായി തള്ളുന്നത് എലികൾ പെരുകാൻ കാരണമാകും. ഇവയെ ഇരയാക്കാൻ പാമ്പുകൾ വീട്ടുപരിസരത്ത് താവളമടിക്കും. വീടിനു സമീപം വിറകും മറ്റും കൂട്ടിയിടുന്നത് ഒഴിവാക്കണം. രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ടോർച്ചോ മൊബൈൽ ഫ്ലാഷോ ഉപയോഗിക്കുക. പാദരക്ഷകൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ജനലുകളുടെയും വാതിലുകളുടെയും അടിയിലെ വിള്ളലുകളും പൈപ്പ് ലൈനുകളും വഴി പാമ്പുകൾ അകത്തു കടക്കാതെ അടച്ചുറപ്പുള്ളതാക്കണം.

പാമ്പുകടിയേറ്റാൽ ചെയ്യേണ്ടത്

ഭയം ഒഴിവാക്കി രോഗിക്ക് പൂർണ വിശ്രമം ഉറപ്പാക്കുക എന്നതാണ് പ്രധാനം. പരിഭ്രാന്തനാകുമ്പോൾ ശരീരത്തിൽ അഡ്രിനാലിൻ ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുകയും ഹൃദയമിടിപ്പ് കൂടുകയും ചെയ്യും. ഇത് വിഷം രക്തത്തിലൂടെ വേഗത്തിൽ പടരാൻ കാരണമാകും.

പ്രഥമ ശുശ്രൂഷാ രീതികൾ:

  • കടിയേറ്റ ഭാഗം ഒടിവിനു നൽകുന്ന സ്പ്ലിന്റ് (തടിയോ കട്ടിയുള്ള കടലാസോ ഉപയോഗിച്ച്) നൽകി അനക്കാതെ വയ്ക്കുക.
  • രോഗിയെ നടക്കാൻ അനുവദിക്കരുത്. സ്ട്രെച്ചറിലോ വീൽചെയറിലോ മാത്രം യാത്ര ചെയ്യിപ്പിക്കുക.
  • മുറിവിൽ കൂടുതൽ മുറിവുണ്ടാക്കി രക്തം കളയാനോ ചായപ്പൊടിയോ പഞ്ചസാരയോ ഇടാനോ ശ്രമിക്കരുത്.
  • ഇലാസ്റ്റിക് ബാൻഡേജ് ഉപയോഗിച്ച് മൃദുവായി കെട്ടാം. കയർ ഉപയോഗിച്ച് മുറുക്കിക്കെട്ടുന്നത് ഒഴിവാക്കുക.
  • ശ്വാസതടസ്സം അനുഭവപ്പെട്ടാൽ മിനിറ്റിൽ ആറ് തവണ എന്ന രീതിയിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക.

എത്രയും വേഗം ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ രോഗിയെ എത്തിക്കുക എന്നതാണ് ജീവൻ രക്ഷിക്കാൻ ഏറ്റവും പ്രധാനം. പാമ്പിനെ കണ്ടാൽ സ്വയം പിടിക്കാനോ ഉപദ്രവിക്കാനോ നിൽക്കാതെ വനംവകുപ്പിനെയോ ലൈസൻസുള്ള പാമ്പ് പിടുത്തക്കാരെയോ വിവരമറിയിക്കുക.

Also read: