മരണത്തോട് മല്ലിട്ട് അഫ്ഗാന്‍ മുൻ താരം; ജയ് ഷായുടെ ഇടപെടലിൽ ഇന്ത്യയിൽ ചികിത്സ
ന്യൂഡൽഹി: അഫ്ഗാൻ മുൻ ക്രിക്കറ്റ് താരം ഷാപൂർ സദ്രാൻ ആരോഗ്യനില അതീവ ഗുരുതരമായി ഡൽഹിയിലെ ആശുപത്രിയിൽ തുടരുന്നു. അപൂർവവും മാരകവുമായ ‘ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്’ (HLH) എന്ന രോഗപ്രതിരോധ വൈകല്യമാണ് താരത്തിന് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സദ്രാന്റെ ആരോഗ്യത്തിനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ ഉൾപ്പെടെയുള്ള പ്രമുഖർ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ സദ്രാന് നിലവിൽ രോഗത്തിന്റെ നാലാം ഘട്ടമാണെന്നാണ് റിപ്പോർട്ടുകൾ. ശരീരത്തിലെ പ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ തന്നെ നശിപ്പിക്കുന്ന ഈ അവസ്ഥ അദ്ദേഹത്തിന്റെ കരൾ, മജ്ജ, ലിംഫ് നോഡുകൾ തുടങ്ങിയ പ്രധാന അവയവങ്ങളെ ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ ക്ഷയരോഗവും ഡെങ്കിപ്പനിയും ബാധിച്ചത് നില കൂടുതൽ വഷളാക്കി. കഴിഞ്ഞ ജനുവരി 18-നാണ് വിദഗ്ധ ചികിത്സയ്ക്കായി സദ്രാനെ ഇന്ത്യയിലെത്തിച്ചത്. വിസ നടപടികൾ വേഗത്തിലാക്കാൻ അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മിർവൈസ് അഷ്റഫും സഹതാരം റാഷിദ് ഖാനും മുൻകൈ എടുത്തിരുന്നു. മിർവൈസ് അഷ്റഫ് ഐസിസി ഭാരവാഹി ജയ് ഷായുടെ ശ്രദ്ധയിൽ വിഷയം എത്തിച്ചതോടെ ചികിത്സയ്ക്കായുള്ള സഹായങ്ങൾ വേഗത്തിലായി.
ഐപിഎൽ തിരക്കുകൾക്കിടയിലും റാഷിദ് ഖാൻ, എ.എം ഗസൻഫർ തുടങ്ങിയ താരങ്ങൾ ആശുപത്രിയിലെത്തി സദ്രാനെ സന്ദർശിച്ചിരുന്നു. ഇടക്കാലത്ത് നേരിയ പുരോഗതി കണ്ടിരുന്നെങ്കിലും അണുബാധ വീണ്ടും ശക്തമായതാണ് വെല്ലുവിളിയാകുന്നത്. എങ്കിലും സ്റ്റിറോയിഡ് ചികിത്സയോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും താരം ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണെന്നും സഹോദരൻ ഘമായ് സദ്രാൻ പറഞ്ഞു. അഫ്ഗാനിസ്ഥാനെ 44 ഏകദിനങ്ങളിലും 36 ടി20 മത്സരങ്ങളിലും പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് ഷാപൂർ സദ്രാൻ.