6.26 കോടിയുടെ മണൽക്കൊള്ള: സിപിഎം ഭരിക്കുന്ന മലപ്പട്ടം പഞ്ചായത്തിലെ 23-പേർക്കെതിരെ കുറ്റപത്രം
കണ്ണൂർ: സിപിഎം ഭരണസമിതിയുടെ കീഴിലുള്ള മലപ്പട്ടം ഗ്രാമപ്പഞ്ചായത്തിൽ നടന്ന 6.26 കോടി രൂപയുടെ മണൽക്കൊള്ളയുമായി ബന്ധപ്പെട്ട് 23 പേർക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. രണ്ട് മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ, ആറ് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, സമാന്തര സമിതി ഭാരവാഹികൾ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. 2007 മുതൽ 2012 വരെയുള്ള കാലയളവിൽ അഡൂർ, കോവുന്തല (ഒണക്കുകണ്ടം), ചൂളിയാട്, പരിപ്പൻകടവ് എന്നീ കടവുകളിൽ നിന്ന് നിയമവിരുദ്ധമായി മണൽ വാരുകയും വിൽക്കുകയും ചെയ്തതിലൂടെ സർക്കാരിനും പഞ്ചായത്തിനും വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് വിജിലൻസ് കണ്ടെത്തൽ.
കേരള നദീതീര സംരക്ഷണനിയമവും മണൽവാരൽ നിയന്ത്രണ ചട്ടവും പൂർണമായും ലംഘിച്ചാണ് മലപ്പട്ടത്ത് അഴിമതി നടന്നതെന്ന് വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് സമർപ്പിച്ച കുറ്റപത്രം വ്യക്തമാക്കുന്നു. നിയമപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും സെക്രട്ടറി കൺവീനറുമായുള്ള ഔദ്യോഗിക കടവ് കമ്മിറ്റികളാണ് മണൽവാരൽ നിയന്ത്രിക്കേണ്ടത്. എന്നാൽ ഈ ഔദ്യോഗിക സംവിധാനത്തെ അട്ടിമറിച്ച്, സ്വകാര്യ വ്യക്തികളെ മാത്രം ഉൾപ്പെടുത്തി ‘പൂഴിത്തൊഴിലാളി കമ്മിറ്റി’ എന്ന പേരിൽ സമാന്തര സമിതികൾ രൂപവത്കരിച്ചാണ് അഞ്ചുവർഷക്കാലം മണൽ വിറ്റത്.
മലപ്പട്ടം സർവീസ് സഹകരണ ബാങ്കിലെ അനധികൃത അക്കൗണ്ടുകൾ വഴി 8,33,18,974 രൂപയുടെ ഇടപാടുകൾ നടന്നു. എന്നാൽ പഞ്ചായത്തിന്റെ ഔദ്യോഗിക രജിസ്റ്ററിൽ വെറും 2,07,11,971 രൂപയുടെ വിറ്റുവരവ് മാത്രമാണ് കാണിച്ചത്. ബാക്കി 6,26,07,003 രൂപ പ്രതികൾ അന്യായമായി കൈക്കലാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
പ്രതിപ്പട്ടികയിലെ 23 പേർ
മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി അനിൽകുമാർ, സി സുധാമണി എന്നിവരാണ് കേസിൽ പ്രധാന പ്രതികൾ. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട മറ്റുള്ളവർ താഴെ പറയുന്നവരാണ്:
- മുൻ സെക്രട്ടറിമാർ: ടി.പി സഹദേവൻ, ജി.എസ് ശ്രീലേഖ, കെ.പി രാമകൃഷ്ണൻ, എം മധുസൂദനൻ (നിലവിൽ കോട്ടൂർ പഞ്ചായത്ത് സെക്രട്ടറി), ടി.പി ഉണ്ണികൃഷ്ണൻ.
- ഉദ്യോഗസ്ഥർ: യുഡി ക്ലാർക്ക് കെ നാരായണൻ, സീനിയർ ക്ലാർക്ക് പുരുഷോത്തമൻ ചന്ദ്രത്തിൽ, അസിസ്റ്റന്റ് സെക്രട്ടറി പി.യു താഹിറ (നിലവിൽ ചെങ്ങളായി പഞ്ചായത്ത്).
- കടവ് സൂപ്പർവൈസർമാർ: കെ.പി രമേശൻ (ചൂളിയാട്), എം.പി അബ്ദുൾ മജീദ് (പരിപ്പൻ കടവ്), കെ.കെ ദാമോദരൻ (ഒണക്കുകണ്ടം), വി രവീന്ദ്രൻ (അഡൂർ തെക്കടവ്).
- പൂഴിത്തൊഴിലാളി കമ്മിറ്റി ഭാരവാഹികൾ: എ നാരായണൻ, കെ.കെ കുഞ്ഞികൃഷ്ണൻ, കെ.വി സുധാകരൻ, പി.പി മാധവൻ (അഡൂർ), സി.കെ ഷാജി, കെ.കെ അസീസ് (കോവുന്തല), കെ നാരായണൻ, എം.എം സജിത്ത്, കെ.കെ.\ ഗോപാലൻ (ചൂളിയാട്).
മണൽ വിൽപനയിൽ തുടർച്ചയായി നിയമലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും തങ്ങളുടെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കാതെ അഴിമതിക്ക് കൂട്ടുനിന്നുവെന്ന് വിജിലൻസ് കണ്ടെത്തി. നിയമപരമായ കടവ് കമ്മിറ്റികളിൽ ഉണ്ടാവേണ്ട ഉദ്യോഗസ്ഥരെയോ പരിസ്ഥിതി പ്രവർത്തകരെയോ ഉൾപ്പെടുത്താതെയാണ് ഈ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നതെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.