10 വർഷത്തെ പ്ലാനിങ്, 2 മണിക്കൂർ കടൽ യാത്ര: ഉത്തരകൊറിയയിൽ നിന്ന് സാഹസികമായി ‘രക്ഷപ്പെട്ട്’ ഒൻപതംഗ കുടുംബം
സിയോൾ: നിഴൽപോലെ പിന്തുടരുന്ന കാവൽക്കണ്ണുകളെ വെട്ടിച്ച്, മൈൻ പാടങ്ങൾക്കിടയിലൂടെ ശ്വാസമടക്കിപ്പിടിച്ചുള്ള നടത്തം. ഒടുവിൽ ഉത്തരകൊറിയയുടെ ഇരുമ്പുമറയ്ക്കപ്പുറം സ്വതന്ത്രമായൊരു ലോകം സ്വപ്നം കണ്ട് കടൽ കടന്ന ഒരു കുടുംബത്തിന്റെ അതിസാഹസികമായ അതിജീവനഗാഥ ലോകത്തെ കണ്ണീരിലാഴ്ത്തുകയാണ്. 10 വർഷത്തെ കൃത്യമായ ആസൂത്രണത്തിനൊടുവിൽ ദക്ഷിണ കൊറിയയിലെത്തിയ കിം ഇൽ-ഹ്യോക്കിന്റെയും കുടുംബത്തിന്റെയും കഥയാണിത്.
ഒരു ദശാബ്ദത്തിന് മുൻപ് കിം സഹോദരന്മാരുടെ അച്ഛനാണ് രക്ഷപ്പെടൽ പദ്ധതിക്ക് തുടക്കമിട്ടത്. ഉത്തരകൊറിയയിൽ പ്രതീക്ഷയില്ലെന്നും മക്കൾ സ്വതന്ത്രമായൊരു ലോകത്ത് വളരണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അച്ഛന്റെ നിർദേശപ്രകാരം ഇളയ സഹോദരൻ യി-ഹ്യോക്ക് തീരപ്രദേശത്ത് ജോലി കണ്ടെത്തുകയും മത്സ്യബന്ധനത്തിൽ വൈദഗ്ധ്യം നേടുകയും ചെയ്തു. വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശ്വാസം നേടിയെടുത്ത അവർ, തങ്ങൾ ഉടൻ കടന്നുകളയുമെന്ന സൂചന പോലുമില്ലാതെ അതിർത്തിക്കടുത്ത് മീൻപിടുത്തം നടത്തി പരിശീലനം പൂർത്തിയാക്കി.
2023 മെയ് 6-നായിരുന്നു ആ യാത്ര. ശക്തമായ കാറ്റും മഴയും റഡാർ ദൃശ്യപരത കുറച്ചപ്പോൾ കിം സഹോദരന്മാരും അവരുടെ ഏഴ് ബന്ധുക്കളും യാത്ര തിരിച്ചു. ഗർഭിണിയായ ഭാര്യയെയും നാല്, ആറ് വയസ്സുള്ള പിഞ്ചുകുട്ടികളെയും കൂട്ടി മൈൻ പാടങ്ങൾക്കിടയിലൂടെയുള്ള യാത്ര അതീവ അപകടകരമായിരുന്നു. കുട്ടികളെ ചാക്കിൽ ഒളിപ്പിച്ചാണ് ബോട്ടിലെത്തിച്ചത്. എഞ്ചിന്റെ ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ മഫ്ലറുകൾ ഘടിപ്പിച്ച ബോട്ടിൽ, ശ്വാസമടക്കിപ്പിടിച്ചാണ് അവർ കടൽ അതിർത്തിയായ ‘നോർത്തേൺ ലിമിറ്റ് ലൈൻ’ കടന്നത്.
ദക്ഷിണ കൊറിയൻ തീരത്തെ ലൈറ്റുകൾ കണ്ടപ്പോൾ ഒരു വലിയ ഭാരം ഒഴിഞ്ഞുപോയതായി കിം ഇൽ-ഹ്യോക്ക് ഓർക്കുന്നു. ദക്ഷിണ കൊറിയൻ നാവികസേനയുടെ സഹായത്തോടെ അവർ സ്വതന്ത്ര ലോകത്തേക്ക് ചുവടുവെച്ചു. നാല് മാസങ്ങൾക്ക് ശേഷം കിമ്മിന് ഒരു മകൾ പിറന്നു. യെറി എന്ന് പേരിട്ട ആ കുഞ്ഞിന്റെ ഒന്നാം ജന്മദിനം സിയോളിൽ വെച്ച് കുടുംബം വലിയ ആഘോഷമാക്കി മാറ്റി.
സ്വാതന്ത്ര്യം ആസ്വദിച്ചു തുടങ്ങുന്നതിനിടയിലാണ് വിധി ക്രൂരമായ വില്ലനായി എത്തിയത്. അതിർത്തി കടക്കാൻ മുൻകൈ എടുത്ത ഇളയ സഹോദരൻ യി-ഹ്യോക്ക്, ദക്ഷിണ കൊറിയയിലെത്തി വെറും 19 മാസങ്ങൾ തികയുമ്പോഴേക്കും ഒരു സ്കൂബ ഡൈവിങ് അപകടത്തിൽ മരിച്ചു. 10 വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ നേടിയ സ്വാതന്ത്ര്യം ആഘോഷിക്കാൻ അദ്ദേഹത്തിന് അധികകാലം കഴിഞ്ഞില്ല.
എങ്കിലും, തന്റെ സഹോദരൻ ബാക്കിവെച്ച സ്വപ്നങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കിം ഇൽ-ഹ്യോക്ക്. ഇപ്പോൾ ഷെഫ് ആകാനുള്ള പരിശീലനം നേടുന്ന അദ്ദേഹം, ഉത്തരകൊറിയയിലെ ദുരിതപൂർണമായ ജീവിതത്തെക്കുറിച്ച് ലോകത്തോട് വിളിച്ചുപറയുകയാണ്. പ്രിയപ്പെട്ടവരുടെ നഷ്ടത്തിനിടയിലും, തന്റെ മക്കൾക്ക് ലഭിച്ച പുതിയ ജീവിതമാണ് അദ്ദേഹത്തിന് മുന്നോട്ടുള്ള ഊർജം.