ഒരു തേങ്ങയുണ്ടെങ്കിൽ പൊറോട്ടയും ചായയും; 4 തേങ്ങയുണ്ടെങ്കിൽ പൊറോട്ടയും ചിക്കൻകറിയും ചായയും; വൈറലായി പാനൂരിലെ ശ്രീധരന്റെ ചായക്കട
പാനൂർ: കയ്യിൽ പണമില്ലെങ്കിലും പേടിക്കേണ്ട, ഒരു തേങ്ങയുണ്ടെങ്കിൽ പാനൂരിലെ ശ്രീധരന്റെ കടയിൽ നിന്ന് വയറുനിറയെ ഭക്ഷണം കഴിക്കാം. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ തിരുത്തിയിൽ പ്രവർത്തിക്കുന്ന ഈ കൊച്ചു ചായക്കട ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്. പതിറ്റാണ്ടുകളായി തുടർന്നുപോരുന്ന ബാർട്ടർ സമ്പ്രദായമാണ് ശ്രീധരന്റെ കടയെ വ്യത്യസ്തമാക്കുന്നത്.
ഒരു തേങ്ങയ്ക്ക് 20 രൂപയാണ് ഇവിടെ കണക്കാക്കുന്നത്. അതനുസരിച്ച് ഒരു തേങ്ങ നൽകിയാൽ ചായയും പൊറോട്ടയും ലഭിക്കും. നാല് തേങ്ങയാണെങ്കിൽ ചായയ്ക്കും പൊറോട്ടയ്ക്കുമൊപ്പം ചിക്കൻ കറിയും കഴിച്ച് മടങ്ങാം. ചായയ്ക്ക് പത്തുരൂപയും ചിക്കൻ കറിക്ക് അമ്പതുരൂപയുമാണ് നിരക്ക്. ഭക്ഷണത്തിന് പകരമായി ലഭിക്കുന്ന തേങ്ങകൾ അടുപ്പിന് മുകളിലെ അട്ടത്തിട്ട് ഉണക്കി ഉണ്ടക്കൊപ്രയാക്കി വടകര മാർക്കറ്റിൽ വിൽക്കുകയാണ് ശ്രീധരൻ ചെയ്യുന്നത്.
20-ാം വയസ്സിൽ തുടങ്ങിയ രീതി ഇന്നും മാറ്റമില്ലാതെ തുടരുന്നു. ദിവസം 200-ഓളം തേങ്ങകൾ വരെ ഇത്തരത്തിൽ ലഭിക്കാറുണ്ട്. ഗ്യാസ് ഉപയോഗിക്കാതെ വിറകടുപ്പിലാണ് പാചകം എന്നതിനാൽ ഇവിടുത്തെ വിഭവങ്ങൾക്ക് രുചിയുമേറും. ഭാര്യ ശോഭയും സഹോദരഭാര്യ പ്രസീതയും ശ്രീധരനെ സഹായിക്കാനുണ്ട്. പഴയകാലത്തെ ഓർമിപ്പിക്കുന്ന ഒരു തേങ്ങയുണ്ടെങ്കിൽ ഒരു പൊറോട്ടയും ചായയും; 4 തേങ്ങയുണ്ടെങ്കിൽ പൊറോട്ടയും ചിക്കൻകറിയും ചായയുംവേറിട്ട ഭക്ഷണശാല തേടി ദൂരദേശങ്ങളിൽ നിന്ന് പോലും നിരവധി പേരാണ് ഇപ്പോൾ തിരുത്തിയിലെത്തുന്നത്.