11/06/2026
[fontresizer_tawhidurrahmandear_widget]

ഇന്ത്യൻ ഫോട്ടോ ജേണലിസത്തിൻ്റെ പിതാവ് രഘു റായ് അന്തരിച്ചു

 ഇന്ത്യൻ ഫോട്ടോ ജേണലിസത്തിൻ്റെ പിതാവ് രഘു റായ് അന്തരിച്ചു

രഘു റായ്

ഡൽഹി: ലോക പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് (83) അന്തരിച്ചു. ഡൽഹിയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കുടുംബാംഗങ്ങൾ സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹത്തിൻ്റെ വിയോഗം അറിയിച്ചത്. ലോധി മൈതാനത്ത് ഇന്ന് വൈകിട്ട് നാല് മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.

ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ പിതാവ്, ഇന്ത്യൻ ഫോട്ടോ ജേണലിസത്തിൻ്റെ പിതാവ് എന്നിങ്ങനെയായിരുന്നു രഘു റായിയെ വിശേഷിപ്പിച്ചിരുന്നത്. അഞ്ച് പതിറ്റാണ്ടിലേറെ തൻ്റെ ക്യാമറയിലൂടെ രാജ്യത്തിൻ്റെ ആത്മാവ് പകർത്തിയെടുത്ത പ്രതിഭയാണ് അഗ്ഗേഹം.ഭോപ്പാൽ ദുരന്തത്തിന്റെ മുഖചിത്രങ്ങളിലൊന്നായ കണ്ണുകൾ പാതി തുറന്ന പിഞ്ചു ബാലന്റെ മൃതദേഹത്തിന്റെ ചിത്രം രഘു റായിയുടെ ക്യാമറ കണ്ണുകളിലൂടെയാണ് ലോകം കണ്ടത്. ലോകപ്രശസ്തമായ ‘മാഗ്നം ഫോട്ടോസിൽ’ അംഗമാകുന്ന ആദ്യത്തെ ഇന്ത്യൻ ഫോട്ടോഗ്രാഫറാണ് അദ്ദേഹം.

പഞ്ചാബ് പ്രവിശ്യയിലെ ഝാങ് ഗ്രാമത്തിൽ 1942-ലായിരുന്നു ഇദ്ദേഹത്തിൻ്റെ ജനനം. സിവിൽ എഞ്ചിനീയറായിരുന്ന റായ്, സഹോദരനും പ്രശസ്ത ഫോട്ടോഗ്രാഫറുമായിരുന്ന എസ്. പോളിന്റെ സ്വാധീനത്തിലാണ് ക്യാമറ കൈയ്യിലെടുത്തത്. 1965-ൽ ‘ദി സ്റ്റേറ്റ്‌സ്‌മാൻ’ പത്രത്തിൽ ചീഫ് ഫോട്ടോഗ്രാഫറായി ചേർന്നു. പിന്നീട് ‘സൺഡേ’, ‘ഇന്ത്യ ടുഡേ’ തുടങ്ങിയ മാധ്യമങ്ങളിലും പ്രവർത്തിച്ചു. 1972-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. അമേരിക്കയിലെ ‘ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ’ (1992) ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ദിരാഗാന്ധി, മദർ തെരേസ, ദലൈലാമ, സത്യജിത് റേ തുടങ്ങിയവരുടെ ജീവിത മുഹൂർത്തങ്ങൾ അദ്ദേഹം തന്റെ ക്യാമറയിലൂടെ അനശ്വരമാക്കി. 50-ലധികം ഫോട്ടോ ബുക്കുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എഴുത്തുകാരി, എഡ്യുക്കേഷനിസ്റ്റ്, ഹെറിറ്റേജ് കൺസർവേഷനിസ്റ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഗുർമീത് റായ് ആണ് രഘു റായിയുടെ ഭാര്യ. നിതിൻ, ആവണി, പുർവൈ എന്നിവർ മക്കളാണ്.

Also read: