ലഡാക്കിൽ പുതിയ ഏഴ് ജില്ലകൾ, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ ബോധപൂർവം അവഗണിച്ചു; കാർഗിലിൽ പ്രതിഷേധം
ലഡാക്ക്: ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ കൂടി പ്രഖ്യാപിച്ച ലഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്സേനയുടെ തീരുമാനത്തിനെതിരെ കാർഗിൽ മേഖലയിൽ പ്രതിഷേധം പുകയുന്നു. ലഡാക്കിനെ വിഭജിച്ച് പുതിയ ജില്ലകൾ രൂപീകരിച്ചപ്പോൾ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ ബോധപൂർവം അവഗണിച്ചുവെന്നും ഇത് ഭരണപരമായ വിവേചനമാണെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലഡാക്ക് സന്ദർശിക്കാനിരിക്കെയാണ് കാർഗിലിലെ രാഷ്ട്രീയ സാമൂഹിക നേതാക്കൾ പരസ്യമായി രംഗത്തെത്തിയത്. നിലവിലെ സെൻസസ് പ്രകാരം ലേയെക്കാൾ കൂടുതൽ ജനസംഖ്യയുള്ള കാർഗിലിന് അർഹമായ ഭരണപരമായ പ്രാധാന്യം ലഭിച്ചില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പുതിയ ക്രമീകരണമനുസരിച്ച് ലഡാക്കിലെ ഏഴ് ജില്ലകളിൽ അഞ്ചെണ്ണം ബുദ്ധമത ഭൂരിപക്ഷവും രണ്ടെണ്ണം മാത്രം മുസ്ലിം ഭൂരിപക്ഷവുമാണ്. ഇത് ജനസംഖ്യാപരമായ യാഥാർത്ഥ്യങ്ങളെ അട്ടിമറിക്കുന്നതാണെന്ന് ലഡാക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിൽ കാർഗിൽ (LAHDC-K) സി.ഇ.സി മുഹമ്മദ് ജാഫർ അഖുൻ പറഞ്ഞു.
കാർഗിലിലെ ഏറ്റവും പഴക്കമുള്ളതും ജനസാന്ദ്രതയുള്ളതുമായ സങ്കു , ഷകർ ചിക്തൻ ഷർഗോൾ എന്നീ സബ് ഡിവിഷനുകൾക്ക് ജില്ലാ പദവി നൽകാത്തത് വലിയ വിവേചനമാണെന്നും കൗൺസിൽ ആരോപിച്ചു. ലഡാക്കിലെ മുസ്ലിം ജനവിഭാഗത്തെ ഒറ്റ ജില്ലയിലേക്ക് ഒതുക്കാനും മേഖലയിൽ വർഗീയ വിഭജനം സൃഷ്ടിക്കാനുമുള്ള നീക്കമാണിതെന്ന് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് നേതാക്കൾ ആരോപിക്കുന്നു. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളും ആവശ്യപ്പെട്ടുകൊണ്ട് ബുദ്ധ-മുസ്ലിം വിഭാഗങ്ങൾ ചേർന്ന് നടത്തുന്ന ഐക്യ പ്രസ്ഥാനത്തെ തകർക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് സജ്ജാദ് കാർഗിലി പറഞ്ഞു.
അതേസമയം, പുതുതായി പ്രഖ്യാപിക്കപ്പെട്ട നുബ്ര, ഷാം, ചാങ്‌താങ്, സാൻസ്‌കർ, ദ്രാസ് എന്നീ ജില്ലകളിൽ പ്രദേശവാസികൾ ആഹ്ലാദ പ്രകടനങ്ങൾ നടത്തി. പുതിയ ജില്ലാ ഭരണകൂടങ്ങളെയും പോലീസ് ഉദ്യോഗസ്ഥരെയും ജനങ്ങൾ സ്വാഗതം ചെയ്‌തു. ലഡാക്കിന്റെ വികസനത്തിന് ഈ തീരുമാനം വേഗത കൂട്ടുമെന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോഴും, അവഗണിക്കപ്പെട്ട പ്രദേശങ്ങൾക്ക് കൂടി നീതി ഉറപ്പാക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കാർഗിലിലെ പ്രമുഖ സംഘടനകൾ.