ഉസ്താദിന്റെ വേഷംധരിച്ച് പള്ളിയിലെത്തി 1,60,000 കവർന്നു; ബേപ്പൂർ സ്വദേശി പിടിയിൽ
അമ്പലവയൽ: ഉസ്താദിന്റെ വേഷംധരിച്ച് പള്ളിയിൽ അതിക്രമിച്ചു കയറി ലക്ഷങ്ങൾ കവർന്ന കേസിൽ കോഴിക്കോട് സ്വദേശി പിടിയിലായി. ബേപ്പൂർ അരക്കിനാട് സ്വദേശി കുപ്പിയിൽ ഷംസുദ്ദീനെയാണ് (41) അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് മഞ്ഞപ്പാറ ജുമാമസ്ജിദിൽ നിന്ന് 1,60,000 രൂപ മോഷണം നടത്തിയ കേസിലാണ് നടപടി.
ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. അമ്പലവയൽ-വടുവൻചാൽ പാതയിലുള്ള മഞ്ഞപ്പാറ ടൗണിലെ പള്ളിയിൽ എത്തിയ പ്രതി, ഓഫീസ് മുറിയുടെ പൂട്ട് അറുത്തുമാറ്റിയാണ് അകത്തുകടന്നത്. മേശവലിപ്പുകളിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷത്തിലധികം രൂപ ഇയാൾ കവർന്നു. മോഷണത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മറ്റൊരു താഴുപയോഗിച്ച് മുറി പൂട്ടി, താക്കോൽ സമീപത്ത് തന്നെ ഉപേക്ഷിച്ചാണ് ഇയാൾ സ്ഥലംവിട്ടത്.
രാവിലെ പള്ളിയിലെത്തിയ സെക്രട്ടറി അലവിയാണ് മോഷണവിവരം ആദ്യം തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പള്ളിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉസ്താദിന്റെ വേഷധാരിയായ പ്രതിയെ തിരിച്ചറിഞ്ഞത്. അമ്പലവയൽ പോലീസ് ഇൻസ്പെക്ടർ ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.
പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നത് ഷംസുദ്ദീന്റെ പതിവാണെന്നും മുൻപും സമാനമായ കേസുകളിൽ ഇയാൾ പിടിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.