12/06/2026
[fontresizer_tawhidurrahmandear_widget]

“മൈക്ക് വിവാദത്തിൽ വേട്ടയാടി; പിണറായി ഭരണം അവസാനിച്ചതിൽ സന്തോഷം”; വെളിപ്പെടുത്തലുമായി മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്

 “മൈക്ക് വിവാദത്തിൽ വേട്ടയാടി; പിണറായി ഭരണം അവസാനിച്ചതിൽ സന്തോഷം”; വെളിപ്പെടുത്തലുമായി മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് മൂളിയതിന്റെ പേരിൽ താൻ നേരിട്ടത് സമാനതകളില്ലാത്ത വേട്ടയാടലാണെന്ന് മൈക്ക് ഓപ്പറേറ്റർ എസ്. രഞ്ജിത്ത്. ചെയ്യാത്ത തെറ്റിന് പോലീസിനെക്കൊണ്ട് കേസെടുപ്പിക്കുകയും തന്റെ ഉപജീവനമാർഗ്ഗമായ ഉപകരണങ്ങൾ പിടിച്ചുവെക്കുകയും ചെയ്ത പിണറായി ഭരണം അവസാനിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. വട്ടിയൂർക്കാവിൽ വിജയിച്ച കെ. മുരളീധരന്റെ പരിപാടിയിൽ മൈക്ക് ഓപ്പറേറ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു രഞ്ജിത്തിന്റെ വെളിപ്പെടുത്തൽ.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിൽ പിണറായി വിജയൻ സംസാരിക്കവെ ഉണ്ടായ മൈക്ക് ഹൗളിംഗാണ് രഞ്ജിത്തിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്. ഒരു ക്യാമറാമാന്റെ ബാഗ് കൺസോളിൽ തട്ടിയുണ്ടായ സാങ്കേതിക തകരാറിനെ മനഃപൂർവം ചെയ്തതാണെന്ന് വരുത്തിതീർക്കാനാണ് പോലീസ് ശ്രമിച്ചത്. താനൊരു കോൺഗ്രസ് പ്രവർത്തകനാണെന്ന് അറിഞ്ഞതോടെ സി.പി.എമ്മിന്റെ സൈബർ ഇടങ്ങളിൽ നിന്ന് വലിയ തോതിലുള്ള വ്യക്തിഹത്യയും അധിക്ഷേപവും നേരിടേണ്ടി വന്നതായും രഞ്ജിത്ത് പറഞ്ഞു. പലയിടങ്ങളിലും മൈക്ക് തകരാറുകൾ സംഭവിക്കാറുണ്ടെങ്കിലും തനിക്കെതിരെ മാത്രം കേസെടുത്തത് രാഷ്ട്രീയ വിരോധം തീർക്കാനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതി ഉത്തരവിലൂടെയാണ് തന്റെ ഉപകരണങ്ങൾ തിരിച്ചുകിട്ടിയതെന്നും കേസ് പിന്നീട് നാണക്കേടായപ്പോൾ പോലീസ് തന്നെ പിൻവലിക്കുകയായിരുന്നുവെന്നും രഞ്ജിത്ത് ഓർമ്മിച്ചു. തന്നെപ്പോലെ ഒരുപാട് സാധാരണക്കാരെ ദ്രോഹിച്ച ഭരണത്തിന് അന്ത്യം കുറിച്ചതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു മൈക്ക് മൂളിയത് എന്നത് പോലീസിനെ സംശയമുണ്ടാക്കാൻ ഇടയാക്കിയിരുന്നു. എന്നാൽ സാങ്കേതികമായ കാരണങ്ങൾ നിരത്തി കോടതി കയറിയിറങ്ങേണ്ടി വന്നതിന്റെ കയ്പ്പേറിയ ഓർമ്മകളാണ് രഞ്ജിത്ത് ഇപ്പോൾ പങ്കുവെക്കുന്നത്.

Also read: