14/05/2026
[fontresizer_tawhidurrahmandear_widget]

60,000 വിഷപ്പാമ്പുകൾ, കോടികളുടെ വരുമാനം; ചൈനീസ് യുവതിയുടെ സാഹസിക വിജയം

 60,000 വിഷപ്പാമ്പുകൾ, കോടികളുടെ വരുമാനം; ചൈനീസ് യുവതിയുടെ സാഹസിക വിജയം

ബീജിങ്: പാമ്പുകളെ കാണുമ്പോൾ ഭയന്ന് മാറുന്നവർക്കിടയിൽ 60,000-ത്തിലധികം വിഷപ്പാമ്പുകളെ വളർത്തി വിസ്മയിപ്പിക്കുകയാണ് ഒരു ചൈനീസ് യുവതി. ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിലുള്ള ഗുയിലിൻ സ്വദേശിനിയായ ക്വിൻ (29) എന്ന യുവതിയാണ് അപകടകരമായ തൊഴിലിലൂടെ പ്രതിവർഷം ഒരു ദശലക്ഷം യുവാൻ (ഏകദേശം 1.25 കോടി രൂപ) വരുമാനം നേടുന്നത്. യൂണിവേഴ്സിറ്റി ബിരുദത്തിന് ശേഷം അച്ഛന്റെ പാമ്പ് വളർത്തൽ കേന്ദ്രത്തെ സഹായിക്കാൻ ഗ്രാമത്തിലേക്ക് മടങ്ങിയതോടെയാണ് ക്വിൻ ഈ രംഗത്ത് സജീവമായത്.

അത്യന്തം അപകടകാരികളായ അഞ്ച്-പടി പാമ്പുകൾ, മൂർഖൻ എന്നിവയുൾപ്പെടെയുള്ള വൻ ശേഖരമാണ് ക്വിന്റെ ഫാമിലുള്ളത്. ഇതിൽ 50,000-ത്തോളം അഞ്ച്-പടി പാമ്പുകളാണ്. പാമ്പുകൾക്ക് തീറ്റ നൽകുന്നതും അവയിൽ നിന്ന് വിഷം ശേഖരിക്കുന്നതും അതീവ വെല്ലുവിളിയാണെന്ന് ക്വിൻ പറയുന്നു. ഓരോ പാമ്പിൽ നിന്നും മാസത്തിൽ രണ്ടുതവണ വിഷം ശേഖരിക്കാറുണ്ട്. ഗ്രാമിന് 200 യുവാൻ വരെയാണ് വിഷത്തിന്റെ വില. പാമ്പിന്റെ മാംസത്തിന് 300 യുവാൻ വരെയും, വലിയ പാമ്പുകളുടെ വിഷത്തിന് 1,000 യുവാനിലധികവും വില ലഭിക്കുന്നുണ്ട്.

പാമ്പ് വിഷം, എണ്ണ, പിത്താശയം എന്നിവ പരമ്പരാഗത ചൈനീസ് മരുന്നുകൾക്കായും വൈദ്യശാസ്ത്ര ഗവേഷണങ്ങൾക്കായും ഉപയോഗിക്കുന്നു. “ദി ഗേൾ ഹു കളക്റ്റ്സ് സ്നേക്ക് വെനം” എന്ന പേരിൽ തന്റെ അനുഭവങ്ങൾ ക്വിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. പാമ്പുകടിയേറ്റാൽ അനുഭവപ്പെടുന്ന അസഹനീയമായ വേദനയെക്കുറിച്ച് തനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും, ഒരിക്കൽ കടിയേറ്റാൽ ആ വേദന ജീവിതകാലം മുഴുവൻ മറക്കില്ലെന്നും ക്വിൻ ഓർമിപ്പിക്കുന്നു.

തുടക്കത്തിൽ മകളുടെ സുരക്ഷയോർത്ത് അച്ഛൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും, ബിസിനസ് വിപുലമായതോടെ ക്വിൻ സജീവമായി രംഗത്തിറങ്ങുകയായിരുന്നു. അതിസാഹസികമായ തൊഴിലിലൂടെ ക്വിൻ നേടുന്ന വിജയത്തെ ആദരവോടെയാണ് ചൈനീസ് നെറ്റിസൺസ് കാണുന്നത്.

Also read: