‘ഞാൻ പണക്കാരനാണ്, പിഴയെനിക്ക് പ്രശ്നമില്ല’; വംശനാശഭീഷണി നേരിടുന്ന സീലിനെ കല്ലെറിഞ്ഞ യുഎസ് പൗരനെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പിഴയും തടവും
വാഷിങ്ടൺ: ഹവായിയിലെ മൗയിയിൽ വംശനാശഭീഷണി നേരിടുന്ന ഹവായിയൻ മോങ്ക് സീലിനെ കല്ലെറിഞ്ഞ സംഭവത്തിൽ വാഷിങ്ടൺ സ്വദേശിയായ ഇഗോർ മൈഖൈലോവിച്ച് ലിറ്റ്വിൻചുക് (38) ആണ് ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തത്. താൻ അതിസമ്പന്നനാണെന്നും എത്ര പിഴ വേണമെങ്കിലും അടയ്ക്കാൻ തയ്യാറാണെന്നും പറഞ്ഞ് ഇയാൾ തന്റെ ക്രൂരതയെ ന്യായീകരിക്കാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം കാട്ടുതീയിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ച ലഹൈനയ്ക്ക് സമീപമാണ് സംഭവം നടന്നത്. തീരത്തിനടുത്ത് നീന്തിക്കൊണ്ടിരുന്ന ‘ലാനി’ എന്ന് നാട്ടുകാർ വിളിക്കുന്ന സീലിന് നേരെ ലിറ്റ്വിൻചുക് വലിയ കല്ല് എറിയുകയായിരുന്നു.
ദൃക്സാക്ഷികൾ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്. കല്ല് സീലിന്റെ തലയിൽ കൊണ്ടില്ലെങ്കിലും ജീവി വല്ലാതെ പരിഭ്രാന്തിയിലായതായി പരാതിയിൽ പറയുന്നു. വംശനാശഭീഷണി നേരിടുന്ന ജീവിയെ ഉപദ്രവിച്ചതിന് ഇയാൾക്കെതിരെ കടുത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഓരോ വകുപ്പിലും ഒരു വർഷം വരെ തടവും എൻഡേഞ്ചർഡ് സ്പീഷിസ് ആക്ട് പ്രകാരം 50,000 ഡോളർ വരെയും മറൈൻ മാമൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം 20,000 ഡോളർ വരെയും പിഴ ഈടാക്കാം.
ലോകത്താകെ 1,600-ൽ താഴെ മാത്രം അവശേഷിക്കുന്ന ഹവായിയൻ മോങ്ക് സീലുകൾ നാട്ടുകാർക്ക് അതിജീവനത്തിന്റെ അടയാളം കൂടിയാണ്. ദുരന്തത്തിന് ശേഷം ലാനി തിരിച്ചെത്തിയത് ലഹൈനയിലെ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നുവെന്നും വന്യജീവികളെ ഉപദ്രവിക്കുന്നതിനെ ഗൗരവകരമായി കാണുമെന്നും മൗയി മേയർ റിച്ചാർഡ് ബിസ്സെൻ വ്യക്തമാക്കി. പ്രതിക്കെതിരെയുള്ള കേസ് ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് അധികൃതരുടെ തീരുമാനം.