‘പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം, മുസ്‌ലിംകൾ ഗോമാതാവിനെ ബഹുമാനിക്കണം’; ബാബറി മസ്ജിദ് മുൻ ഹർജിക്കാരൻ ഇക്ബാൽ അൻസാരി
അയോധ്യ: അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്ക കേസിലെ മുൻ ഹർജിക്കാരനായ ഇക്ബാൽ അൻസാരി പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത്. ഇന്ത്യൻ മുസ്ലീങ്ങൾ എന്ന നിലയിൽ നാം പശുവിനെ ‘ഗോമാതാവ്’ ആയി കണ്ട് ബഹുമാനിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദു മതവിശ്വാസികൾ പശുവിനെ ആരാധിക്കുന്നവരാണ്. അതിനാൽ അവരുടെ വിശ്വാസങ്ങളെ മാനിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും, യാതൊരു കാരണവശാലും പശുക്കളെ ബലികഴിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശുവിൻ പാൽ ആരോഗ്യത്തിന് വളരെ നല്ലതാണെന്നും അതിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഇക്ബാൽ അൻസാരി ചൂണ്ടിക്കാട്ടി. പശുവിറച്ചി കഴിക്കുന്നത് ഇസ്ലാം മതം വിലക്കിയിട്ടുള്ള കാര്യമാണ്. എങ്കിലും രാജ്യത്തെ മുസ്ലീം സമുദായത്തെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചില ആളുകൾ മനപ്പൂർവ്വം ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുക്കൾക്ക് പശുവിനോടുള്ള ബഹുമാനം കണക്കിലെടുത്ത് പശുക്കളെ അറുക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. എല്ലാവരും ഗോമാതാവിനെ ബഹുമാനിക്കുകയും ആദരിക്കുകയും വേണമെന്നും, സർക്കാർ എത്രയും വേഗം പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നും ഇക്ബാൽ അൻസാരി ആവശ്യപ്പെട്ടു.