ഭർത്താവിനെ കുത്തിക്കൊന്ന കേസിൽ യുവതിക്ക് 500 രൂപ മാത്രം പിഴ വിധിച്ച് ഹൈക്കോടതി
ന്യൂഡൽഹി: കുടുംബവഴക്കിനിടെ ഭർത്താവിനെ കുത്തിക്കൊന്ന കേസിൽ യുവതിയുടെ ശിക്ഷ 500 രൂപ പിഴയായി ചുരുക്കി തെലങ്കാന ഹൈക്കോടതി. വിചാരണക്കോടതി നേരത്തെ വിധിച്ച നാല് വർഷത്തെ കഠിനതടവ് പൂർണമായി ഒഴിവാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ അസാധാരണ ഉത്തരവ്.
യുവതിയുടെ മാതാപിതാക്കളുടെ വീട്ടിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികൾക്ക് ഈന്തപ്പഴം നൽകാനായി എത്തിയ ഭർത്താവുമായി യുവതി വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് ഇയാൾ പുറത്തുപോവുകയും ചെയ്തു. എന്നാൽ പിന്നീട് വിവസ്ത്രനായി തിരിച്ചെത്തിയ ഇയാൾ യുവതിയെയും കുടുംബത്തെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കടുത്ത പ്രകോപനത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട യുവതി, കയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് ഭർത്താവിനെ കുത്തുകയായിരുന്നു. ഈ മുറിവാണ് മരണത്തിന് കാരണമായത്.
കൊലപ്പെടുത്തണമെന്ന മുൻകൂട്ടിയുള്ള ആസൂത്രണമോ ഉദ്ദേശ്യമോ ഇല്ലാത്തതിനാൽ സംഭവം കൊലപാതകത്തിന്റെ പരിധിയിൽ വരില്ലെന്ന് വിചാരണക്കോടതി നേരത്തെ വിലയിരുത്തിയിരുന്നു. തുടർന്ന് കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് (IPC 304 Part II) യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി നാല് വർഷത്തെ തടവും 500 രൂപ പിഴയും വിധിച്ചു.
എന്നാൽ, സംഭവസമയത്ത് ഭർത്താവിന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത അധിക്ഷേപങ്ങളും ഭീഷണികളും കണക്കിലെടുത്ത ഹൈക്കോടതി, യുവതിക്ക് മേൽ ഇനിയും തടവുശിക്ഷ നൽകുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കി ശിക്ഷ പിഴത്തുക മാത്രമായി നിജപ്പെടുത്തുകയായിരുന്നു. വിചാരണക്കോടതി വിധിച്ച പിഴ യുവതി നേരത്തെ തന്നെ അടച്ചിട്ടുണ്ട്.
പെട്ടെന്നുണ്ടാകുന്ന വഴക്കുകളിൽ നടക്കുന്ന എല്ലാ കൊലപാതകങ്ങൾക്കും ഇളവ് ലഭിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉപയോഗിച്ച ആയുധത്തിന്റെ സ്വഭാവം, ആക്രമണത്തിന്റെ തീവ്രത, പ്രതിയുടെ പ്രതികരണം എന്നിവ പരിശോധിച്ചേ കോടതികൾ തീരുമാനമെടുക്കൂ എന്നും, കൊലപ്പെടുത്തണമെന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ള ആക്രമണങ്ങൾക്ക് ജീവപര്യന്തം തടവ് തന്നെ ലഭിക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു.