‘കൊക്രോച്ച് ജനതാ പാർട്ടി’ വെറും ട്രോളല്ല, യുവതലമുറയുടെ രാഷ്ട്രീയ അസ്വസ്ഥതയുടെ സൂചന’: മുനവ്വറലി ശിഹാബ് തങ്ങൾ
മലപ്പുറം: സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ‘കൊക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) വെറുമൊരു തമാശയോ ട്രോളോ മാത്രമല്ലെന്നും, മറിച്ച് ഇന്നത്തെ യുവതലമുറയുടെ വലിയ രാഷ്ട്രീയ അസ്വസ്ഥതകളുടെ പ്രതിഫലനമാണെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ പുതിയ ഡിജിറ്റൽ രാഷ്ട്രീയ മുന്നേറ്റത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.
ശക്തമായ സംഘടനാ സംവിധാനങ്ങളോ കോർപ്പറേറ്റ് ഫണ്ടിങ്ങോ മുഖ്യധാരാ മാധ്യമങ്ങളുടെ പിന്തുണയോ ഇല്ലാതെ ഇത്തരം ഡിജിറ്റൽ മുന്നേറ്റങ്ങൾ പൊതുചർച്ചകളെ സ്വാധീനിക്കുന്നത് ചെറിയ കാര്യമല്ല. നിലവിലെ ഭരണകൂടത്തോടും പരമ്പരാഗത രാഷ്ട്രീയത്തോടും യുവജനങ്ങൾക്കുള്ള കടുത്ത നിരാശയുടെ സൂചനയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ കാലത്തെ ഈ മാറ്റങ്ങളെ ഭരണാധികാരികളും രാഷ്ട്രീയ പാർട്ടികളും ഗൗരവത്തോടെ കാണേണ്ടതുണ്ട്.
പുതിയ തലമുറ തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി പഴയ രീതികളെയോ പരമ്പരാഗത നേതാക്കളെയോ കാത്തുനിൽക്കാൻ തയ്യാറല്ല. ആക്ഷേപഹാസ്യങ്ങൾ , മീമുകൾ , ഇന്റർനെറ്റ് സംസ്കാരം എന്നിവയെ അവർ പുതിയ കാലത്തെ ശക്തമായ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റിയിരിക്കുകയാണ്. വികേന്ദ്രീകൃതമായ ഡിജിറ്റൽ ആക്ടിവിസത്തിലൂടെ നിലവിലെ അധികാര കേന്ദ്രങ്ങളെ അവർ തങ്ങളുടേതായ ഭാഷയിൽ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം വിലയിരുത്തി.
ചരിത്രത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങളെല്ലാം തുടക്കത്തിൽ പരിഹസിക്കപ്പെട്ട ആശയങ്ങളിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് പലരും ‘ഓൺലൈൻ ബഹളം’ എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുന്ന ഈ ഡിജിറ്റൽ ശബ്ദങ്ങൾ, നാളത്തെ രാഷ്ട്രീയ ഗതിവിഗതികളെ മാറ്റിയെഴുതാൻ ശേഷിയുള്ള വലിയ ശക്തിയായി മാറാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പുതിയ തലമുറയുടെ ഇത്തരം ഡിജിറ്റൽ പ്രതിഷേധങ്ങളെ വെറും കോമാളിത്തമായി കണ്ട് തള്ളിക്കളയുന്നത് പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സംഭവിക്കുന്ന ഏറ്റവും വലിയ തന്ത്രപരമായ പാളിച്ചയായിരിക്കുമെന്നും മുനവ്വറലി തങ്ങൾ ഫേസ്ബുക്ക് കുറിപ്പിൽ ഓർമ്മിപ്പിച്ചു.