12/06/2026
[fontresizer_tawhidurrahmandear_widget]

നായയെ കണ്ട് പേടിച്ചോടി; തൃശൂരിൽ ഫോട്ടോഷൂട്ടിനെത്തിച്ച ആന ഇടഞ്ഞു, വാഹനങ്ങളും വീടിന്റെ മതിലും തകർത്തു

 നായയെ കണ്ട് പേടിച്ചോടി; തൃശൂരിൽ ഫോട്ടോഷൂട്ടിനെത്തിച്ച ആന ഇടഞ്ഞു, വാഹനങ്ങളും വീടിന്റെ മതിലും തകർത്തു

തൃശൂർ: തൃശൂർ നഗരമധ്യത്തിൽ ആന ഇടഞ്ഞോടിയത് മണിക്കൂറുകളോളം ജനങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. കൊല്ലത്ത് നിന്ന് ഫോട്ടോഷൂട്ടിനായി രണ്ട് ദിവസം മുൻപ് തൃശൂരിൽ എത്തിച്ച ‘ശിവലക്ഷ്മി അയ്യപ്പൻ’ എന്ന ആനയാണ് ഇടഞ്ഞത്. പാറമേക്കാവ് ക്ഷേത്രത്തിൽ തൊഴാനായി എത്തിച്ചതിന് ശേഷം പാലസ് റോഡിലൂടെ പോകുമ്പോഴാണ് സംഭവം. പെട്ടെന്ന് ഒരു നായയെ കണ്ട് ഭയന്നാണ് ആന ഇടഞ്ഞോടിയതെന്നാണ് പാപ്പാൻ നൽകുന്ന വിശദീകരണം.

ടൗൺ ഹാൾ പരിസരത്ത് നിന്ന് ഓടിത്തുടങ്ങിയ ആന വഴിയിലുണ്ടായിരുന്ന നാലോളം കാറുകളും ഒരു ഓട്ടോറിക്ഷയും അടിച്ചു തകർത്തു. ചെമ്പൂക്കാവ് ഭാഗത്തേക്ക് ഓടിയ ആന നിരവധി വീടുകളുടെ ഗേറ്റുകൾക്കും മതിലുകൾക്കും വലിയ നാശനഷ്ടം വരുത്തിയിട്ടുണ്ട്. നിലവിൽ പെരിങ്ങാവ് ഗാന്ധിനഗറിലെ ജനവാസ മേഖലയിലാണ് ആന നിൽക്കുന്നത്.

വിവരമറിഞ്ഞ് എലഫൻ്റ് സ്ക്വാഡും പോലീസും ഉൾപ്പെടെയുള്ളവർ ഉടൻ തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. ജനവാസ മേഖലയിലായതിനാൽ അതീവ ജാഗ്രതയോടെയാണ് അധികൃതർ നീങ്ങുന്നത്. ആനയെ തളയ്ക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുകയാണെങ്കിലും ഇതുവരെ പൂർണ്ണമായി നിയന്ത്രണത്തിലാക്കാൻ സാധിച്ചിട്ടില്ല.

Also read: