12/06/2026
[fontresizer_tawhidurrahmandear_widget]

‘ഒരാളെ മുഖ്യമന്ത്രിയാക്കാൻ നാടൊന്നാകെ മുറവിളി കൂട്ടിയ അനുഭവം വിരളം, വി.ഡി. സതീശൻ നെഹ്‌റുവിനെ പോലെ വലിയൊരു ഡ്രീമർ’; മോഹൻലാൽ

 ‘ഒരാളെ മുഖ്യമന്ത്രിയാക്കാൻ നാടൊന്നാകെ മുറവിളി കൂട്ടിയ അനുഭവം വിരളം, വി.ഡി. സതീശൻ നെഹ്‌റുവിനെ പോലെ വലിയൊരു ഡ്രീമർ’; മോഹൻലാൽ

പറവൂർ: ഒരു ദേശത്തിൻ്റെ പ്രിയപ്പെട്ട പുത്രൻ ഒരു നാടിൻ്റെ തന്നെ മുഖ്യനായി മാറിയ അനർഘ നിമിഷമാണിതെന്ന് നടൻ മോഹൻലാൽ. ഒരാളെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തിൽ തന്നെ വിരളമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പറവൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി വി.ഡി സതീശിന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

‘ഇരട്ടി മധുരമുള്ള ഒരു ആഘോഷ നിമിഷത്തിലാണ് നമ്മളെല്ലാവരും. ഒരു ദേശത്തിൻ്റെ പ്രിയപ്പെട്ട പുത്രൻ ഒരു നാടിന്റെ തന്നെ മുഖ്യനായി മാറിയ അനർഘ നിമിഷം. ഈ നിമിഷത്തെ അഭിസംബോധന ചെയ്ത്എന്ത് പറയണം എന്ന് എനിക്ക് ഒരു കൃത്യമായ ഒരു രൂപമില്ല. ഞാൻ അടക്കമുള്ള മലയാളികളുടെ പ്രതീക്ഷകളുടെ ഭാരം എത്രയുണ്ട് എന്ന് പ്രിയപ്പെട്ട സതീശൻ സാർ ഇപ്പോൾ അറിയുന്നുണ്ടാവാം. അത്രമാത്രം പ്രതീക്ഷകളോടെയാണ് കേരളം അദ്ദേഹത്തെ മുഖ്യമന്ത്രിയായി അവരോധിച്ചത്. ഒരാളെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തിൽ തന്നെ വിരളമായിരിക്കും. പറവൂരിന് മാത്രമല്ല കേരളത്തിനാകെ ഈ ഒരാളെ വേണം എന്ന് തോന്നാൻ കാരണം
എന്താണ് എന്ന് ഞാൻ ആ ദിവസങ്ങളിലേറെ ആലോചിച്ചിട്ടുണ്ട്. സത്യസന്ധത, സുതാര്യത – ബഹുമാനപ്പെട്ട സതീശൻ സാറിന് ഇവ രണ്ടും പ്രകടമാണ്. ജീവിതത്തിൽ അങ്ങോളം മറ്റെന്തൊക്കെ കൈമോശം വന്നാലും ഇവ രണ്ടും കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.

ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു ദേശത്തിൻ്റെ ഭാഗ്യവാനായ മുഖ്യമന്ത്രിയാണ് ഇപ്പോൾ വി.ഡി. സതീശൻ സാർ. മഴയും പുഴകളും മലയും കാടും കടലും ഒരുപോലെ അനുഗ്രഹിച്ച ഒരിടം. കൃഷിയും വാണിജ്യവും കലയും സംസ്‌കാരവും പരസ്പ‌രം ലയിച്ച നാട്. തൊഴിലിൻ്റെ ഭാഗമായി കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ. അപ്പോഴെല്ലാം ഈ നാടിനെയും അതിൻറെ അമൂല്യമായ സമ്പത്തിനെയും വേണ്ട രീതിയിൽ ഉപയോഗിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്. അതിൻറെ സാധ്യതകളെ ഫലപ്രദമായ വിധത്തിൽ വിനിയോഗിക്കാൻ നമുക്ക് സാധിച്ചിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം പറഞ്ഞു.

നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആയ സതീശൻ സാർ നെഹ്റുവിനെ പോലെ വലിയൊരു ഡ്രീമർ ആവാതെ തരമില്ല. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളിലൂടെ കേരളം മഴവിൽ ഭംഗിയോടെ വളരും എന്ന് ഞാൻ പ്രത്യാശിക്കുന്നു. അത്തരം ഒരു നാടിനെ സൃഷ്ടിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

മയക്കുമരുന്ന് വർധനവും, റോഡ് അപകട മരണങ്ങൾ തുടങ്ങിയ കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളെ കുറിച്ചും മോഹൻലാൽ സംസാരിച്ചു.

Also read: