ശബരിമല സ്വർണക്കൊള്ള: “കേസന്വേഷണത്തിൽ തൃപ്തനല്ല, അയ്യപ്പൻ്റെ സ്വർണം കട്ടവരെ വെറുതെ വിടില്ല’; കെ മുരളീധരൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ നിലവിലെ അന്വേഷണത്തിൽ തൃപ്തനല്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. മുൻ മുഖ്യമന്ത്രി അന്വേഷണ സംഘത്തിന് മേൽ വലിയ തോതിൽ സ്വാധീനം ചെലുത്തിയെന്നും അതിലൂടെ കേസ് അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഹൈക്കോടതി നേരിട്ട് നിയോഗിച്ച അന്വേഷണ സംഘമായതിനാൽ അവരെ പിരിച്ചുവിടാനുള്ള അനുമതി നിലവിൽ സർക്കാരിനില്ലെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. ഇതുവരെ അന്വേഷണത്തിനെതിരെ ഹൈക്കോടതി പ്രതികൂല പരാമർശങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ, പ്രതിപക്ഷത്തായിരുന്ന കാലത്ത് തന്നെ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നതാണ്. വിഷയത്തിൽ ഇപ്പോൾ നിയമോപദേശം തേടിയിട്ടുണ്ടെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിലും മന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായി സംസാരിച്ചിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഇവന്റ് കമ്പനി വിഷയം ഉന്നയിച്ച് കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കൊല്ലം ചവറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (IIIC) എന്ന സ്ഥാപനത്തിനായിരുന്നു ആഗോള അയ്യപ്പ സംഗമത്തിന്റെ ഇവന്റ് മാനേജ്മെന്റ് ചുമതലകൾ നൽകിയിരുന്നത്. പരിപാടിയുടെ സംഘാടനം, പങ്കെടുക്കുന്ന പ്രതിനിധികൾക്കുള്ള താമസം, ഭക്ഷണം, ഗതാഗത സൗകര്യങ്ങൾ എന്നിവ ഒരുക്കുക തുടങ്ങിയ പ്രധാന കാര്യങ്ങളെല്ലാം ഈ കമ്പനിയെയായിരുന്നു ഏൽപ്പിച്ചിരുന്നത്.