ഷോപ്പിങ്ങിന് പോകുമ്പോൾ കൈനിറയെ ബാഗുകളുമായി ഇനി വലയേണ്ട; മണിക്കൂറിന് 149 രൂപ നൽകിയാൽ ‘ക്യാരിമെൻ’ റെഡി
ന്യൂഡൽഹി: ഷോപ്പിങ് കൂടുതൽ സുഗമമാക്കാൻ വേറിട്ടൊരു സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി ആസ്ഥാനമായുള്ള ‘ക്യാരിമെൻ’ എന്ന സ്റ്റാർട്ടപ്പ് കമ്പനി. ഷോപ്പിങ്ങിനിടെ കൈനിറയെ ബാഗുകളും പേഴ്സുകളും തൂക്കിപ്പിടിച്ച് നടക്കാൻ ബുദ്ധിമുട്ടുന്നവർക്കായി വാടകയ്ക്ക് സഹായികളെ ലഭ്യമാക്കുന്നതാണ് ഈ പുതിയ പദ്ധതി. മണിക്കൂറിന് 149 രൂപയാണ് സേവനത്തിനായി കമ്പനി ഈടാക്കുന്നത്.
തിരക്കേറിയ വിപണികളിൽ സമ്മർദമില്ലാതെ ഷോപ്പിങ് ആസ്വദിക്കാൻ പരിശീലനം ലഭിച്ച പ്രൊഫഷണൽ സഹായികളെയാണ് കമ്പനി നൽകുക. ഇവർ ബാഗുകൾ ചുമക്കുക മാത്രമല്ല, പാർക്കിങ് ഏരിയ വരെയോ തൊട്ടടുത്ത മെട്രോ സ്റ്റേഷൻ വരെയോ ഉപഭോക്താക്കളെ അനുഗമിക്കുകയും ചെയ്യും. കൂടാതെ, ഭക്ഷണശാലകളിലെ നീണ്ട ക്യൂവിൽ നിൽക്കാനും ഇവർ സഹായിക്കും. അധിക തുക നൽകിയാൽ മാസ്ക്, മൊബൈൽ ചാർജർ, കുട, കുഞ്ഞുങ്ങളുടെ സ്ട്രോളർ എന്നിവയും ഇവരിൽ നിന്ന് വാടകയ്ക്ക് ലഭിക്കുന്നതാണ്.
പുതിയ ആശയത്തിന് സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഇനി അമ്മമാരുടെ കൂടെ ഷോപ്പിങ്ങിന് പോയി ബാഗ് പിടിക്കേണ്ടി വരില്ലെന്ന് ചിലർ തമാശയായി കുറിച്ചപ്പോൾ, അമ്മയുടെ ബാഗ് പിടിക്കുമ്പോൾ ലഭിക്കുന്ന പോക്കറ്റ് മണി ഈ സ്റ്റാർട്ടപ്പ് കാരണം ഇല്ലാതാകുമോ എന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. അതേസമയം, ഈ തുകയുടെ ഭൂരിഭാഗവും കമ്പനി എടുക്കുമെന്നും സഹായികളായി വരുന്നവർക്ക് തുച്ഛമായ പണമേ ലഭിക്കൂ എന്നും ചിലർ പ്രതികരിച്ചു.