ബലിപെരുന്നാൾ നമസ്കാരം:’അംഗ സംഖ്യ കൂടുതലുള്ള മുസ്ലിം വീടുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഉറങ്ങുന്നതുപോലെ, പള്ളികളിലും മുസ്ലിംകൾക്ക് എന്തുകൊണ്ട് ഷിഫ്റ്റായി നമസ്കരിച്ചുക്കൂടാ’? ബി.ജെ.പി എം.പി രാജ്കുമാർ ചാഹർ
ലക്നൗ: ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പിയായ രാജ്കുമാർ ചാഹർ ബലിപെരുന്നാൾ നമസ്കാരവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ വാർത്തകളിൽ ഇടംനേടുന്നു. മുസ്ലിം വീടുകളിലെ എണ്ണസംഖ്യയിലെ വർധനവിനെ പരോക്ഷമായി വിമർശിച്ചുക്കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ഒരുപാട് അംഗങ്ങളുള്ള ചെറിയ മുസ്ലിം വീടുകളിൽ ആളുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഉറങ്ങുന്നതുപോലെ, പള്ളികളിലും മുസ്ലിംകൾക്ക് എന്തുകൊണ്ട് ഷിഫ്റ്റായി നമസ്കാരം നിർവഹിച്ചുകൂടാ എന്ന് അദ്ദേഹം ചോദിച്ചു. റോഡുകളിൽ ഗതാഗതം തടസ്സപ്പെടുത്തി നമസ്കരിക്കുന്നതിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗബലിയുടെ ആവശ്യമില്ലെന്നും, എന്നാൽ അത് അവരുടെ മതവിശ്വാസത്തിന്റെ ഭാഗമാണെങ്കിൽ ചെയ്തുകൊള്ളാനും പറഞ്ഞ എം.പി, പക്ഷേ റോഡിലിറങ്ങി മൃഗങ്ങളെ അറുക്കുന്നതും റോഡിൽ നമസ്കരിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.
ജനസംഖ്യ വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഡൽഹിയിലെ ചാന്ദ്നി ചൗക്കിലെ ചില മുസ്ലിം കുടുംബങ്ങളെ ഇതിനൊരു ഉദാഹരണമായി എടുത്തുപറഞ്ഞു. അഞ്ചുപേർക്ക് മാത്രം കഴിയാവുന്ന വീടുകളിൽ നാൽപതോളം ആളുകൾ വരെ താമസിക്കുന്നുണ്ടെന്നും അവർ മൂന്നോ നാലോ മണിക്കൂറുകൾ വീതം ഷിഫ്റ്റുകളായാണ് അവിടെ ഉറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ പള്ളികളിലും ഷിഫ്റ്റുകളായി നമസ്കാരം നിർവഹിക്കാമെന്നും അതിന് ആരും വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡുകളിലെ നമസ്കാരം വിലക്കിക്കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എടുത്ത തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു. മുഖ്യമന്ത്രി വളരെ നല്ല തീരുമാനമാണ് എടുത്തതെന്നും താൻ അതിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നതായും രാജ്കുമാർ ചാഹർ പറഞ്ഞു. ഇതിനുപുറമെ വികസന കാര്യങ്ങളെക്കുറിച്ചും സംസ്ഥാനത്തെ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെ മുഖ്യമന്ത്രി വളരെ ഗൗരവമായാണ് കാണുന്നതെന്നും വരും ദിവസങ്ങളിൽ ജനങ്ങൾക്ക് ഈ പ്രശ്നത്തിൽ നിന്നും സർക്കാർ പൂർണ്ണമായ ആശ്വാസം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.