‘മാധവ് സുരേഷിനെ.. എടാ സുരേഷ് ഗോപിയുടെ മകനെ എന്നാണ് അശ്വന്ത് കോക്ക് വിളിച്ചത്, കേന്ദ്രമന്ത്രിയാണെന്ന ബോധം ഉണ്ടാവണ്ടേ’; അശ്വന്ത് കോക്കിനെതിരെ സൈബർ പോലിസിൽ പരാതി നൽകുമെന്ന് ഫിലിം ചേബർ അധികൃതർ
കൊച്ചി: സിനിമകളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള റിവ്യൂ ബോംബിങ്ങിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി ഫിലിം ചേംബർ. നടൻ മാധവ് സുരേഷിനെ അധിക്ഷേപിച്ച യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ സൈബർ പോലീസിൽ പരാതി നൽകുമെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ വി. തോമസ് വ്യക്തമാക്കി. “മാധവ് സുരേഷിനെ… എടാ… സുരേഷ് ഗോപിയുടെ മകനെ എന്നാണ് അശ്വന്ത് കോക്ക് വിളിച്ചത്. ഒരു കേന്ദ്രമന്ത്രിയാണെന്ന ബോധം അദ്ദേഹത്തിന് ഉണ്ടാവണ്ടേ” എന്ന് ഫിലിം ചേംബർ അധികൃതർ ചോദിച്ചു.
സിനിമകളെ ബോധപൂർവ്വം നശിപ്പിക്കുന്ന തരത്തിലുള്ള റിവ്യൂകൾ ഒരു കാരണവശാലും അനുവദിച്ചു നൽകില്ലെന്നും, ഈ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഫിലിം ചേംബർ അറിയിച്ചു. സിനിമാ റിവ്യൂകൾ ഉപയോഗിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ (മൊണറ്റൈസേഷൻ) അനുവദിക്കില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. ഇതിന് പുറമെ, താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ നിർഭാഗ്യകരമാണെന്നും ഇത് പൊതുസമൂഹത്തിന് മുന്നിൽ സിനിമാ മേഖലയ്ക്ക് അവമതിപ്പുണ്ടാക്കുമെന്നും അനിൽ വി. തോമസ് പ്രതികരിച്ചു.
അശ്വന്ത് കോക്ക് ഉൾപ്പെടെയുള്ളവർക്കെതിരെ പണം വാങ്ങി റിവ്യൂ ചെയ്യുന്നു എന്ന ഗുരുതരമായ ആരോപണമാണ് നിലനിൽക്കുന്നത്. ‘അങ്കം അട്ടഹാസം’ എന്ന സിനിമയുടെ നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്യാതിരിക്കാൻ അശ്വന്ത് കോക്ക് പണം ആവശ്യപ്പെട്ടതായി അടുത്തിടെ ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മാധവ് സുരേഷിനെതിരെ മോശം പരാമർശങ്ങളുമായി അശ്വന്ത് കോക്ക് പുതിയ യൂട്യൂബ് വീഡിയോയുമായി രംഗത്തെത്തിയത്. ഇതിനെതിരെയാണ് ഫിലിം ചേംബർ ഇപ്പോൾ ശക്തമായ നടപടികളിലേക്ക് കടക്കുന്നത്.