12/06/2026
[fontresizer_tawhidurrahmandear_widget]

“നയപ്രഖ്യാപന പ്രസംഗത്തിന് മുൻപ് വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തത് പ്രോട്ടോക്കോള്‍ ലംഘനം”; ഗവർണർക്ക് അതൃപ്തി

 “നയപ്രഖ്യാപന പ്രസംഗത്തിന് മുൻപ് വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തത് പ്രോട്ടോക്കോള്‍ ലംഘനം”; ഗവർണർക്ക് അതൃപ്തി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂർണ്ണമായി ആലപിക്കാത്തത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗാനം മുഴുവനായും പോലീസ് ബാൻഡ് വായിക്കേണ്ടതായിരുന്നുവെന്നും, ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ ഉണ്ടാവുകയെന്നും ഗവർണർ വ്യക്തമാക്കി. ഗവർണർ പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പാടുമ്പോഴോ ഉപകരണ സംഗീതമായി കേൾപ്പിക്കുമ്പോഴോ അത് പൂർണ്ണരൂപത്തിൽ തന്നെ വേണമെന്നാണ് രാജ്ഭവന്റെ നിലപാട്. ഇത്തരത്തിൽ ഗാനം പൂർണ്ണമായി കേൾപ്പിക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായും ഗവർണർ പ്രതികരിച്ചു.

എന്നാൽ ഈ നിർദ്ദേശം തള്ളിക്കൊണ്ട് പോലീസ് ബാൻഡ് ഗാനത്തിന്റെ ആദ്യ രണ്ട് ഈരടികൾ മാത്രമാണ് സഭയിൽ വായിച്ചത്. ഏതെങ്കിലും കാരണവശാൽ ഇത് പൂർണ്ണമായി കേൾപ്പിക്കേണ്ടതില്ല എന്ന് സ്പീക്കർക്ക് തോന്നിയതാണോ എന്ന് തനിക്കറിയില്ലെന്നും, കാര്യങ്ങൾ എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും ഗവർണർ പറഞ്ഞു. നേരത്തെ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെച്ചൊല്ലിയും സമാനമായ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നയപ്രഖ്യാപന പ്രസംഗത്തിലും പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

അതേസമയം, ഗവർണറുടെ നയപ്രഖ്യാപനത്തിന് മുൻപ് വന്ദേമാതരം പൂർണ്ണമായി ആലപിക്കാത്തതിനെതിരെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപിയും രംഗത്തെത്തി. ഇത് ഗവർണറോടുള്ള അവഹേളനമാണെന്ന് എംഎൽഎ വി. മുരളീധരൻ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നിർദ്ദേശം നിയമസഭയിൽ പാലിക്കപ്പെട്ടില്ലെന്നും, വിഷയത്തിൽ സർക്കാർ ജമാഅത്തെ ഇസ്‌ലാമിക്കും സിപിഎമ്മിനും വഴങ്ങിക്കൊടുക്കുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

Also read: