10/06/2026
[fontresizer_tawhidurrahmandear_widget]

‘ഗവർണർ വിഐപിയെങ്കിൽ നമ്മൾ ആരുമല്ലേ?, ഭാര്യ ഗർഭിണിയാണ്’; വിഐപി വാഹനവ്യൂഹത്തിനായി റോഡ് ബ്ലോക്ക് ചെയ്തതിനെതിരെ റോഡിന് നടുവിലിരുന്ന് യുവാവിന്റെ പ്രതിഷേധം

 ‘ഗവർണർ വിഐപിയെങ്കിൽ നമ്മൾ ആരുമല്ലേ?, ഭാര്യ ഗർഭിണിയാണ്’; വിഐപി വാഹനവ്യൂഹത്തിനായി റോഡ് ബ്ലോക്ക് ചെയ്തതിനെതിരെ റോഡിന് നടുവിലിരുന്ന് യുവാവിന്റെ പ്രതിഷേധം

ബെംഗളൂരു: വിഐപി സംസ്കാരത്തിനെതിരെ ഗർഭിണിയായ ഭാര്യയെ കാറിലിരുത്തി റോഡിലിരുന്ന് പ്രതിഷേധിച്ച യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കർണാടക ഗവർണർ തവാർചന്ദ് ഗെഹ്‌ലോട്ടിന്റെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി ബെംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിൽ ഏർപ്പെടുത്തിയ ദീർഘനേരത്തെ ഗതാഗത നിയന്ത്രണമാണ് യുവാവിനെ ചൊടിപ്പിച്ചത്.

ബെംഗളൂരുവിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം വൈകിയതോടെ കാറിൽ നിന്നും ഇറങ്ങിയ യുവാവ് റോഡിന് നടുവിലിരുന്ന് ഗാന്ധിയൻ രീതിയിൽ പ്രതിഷേധിക്കുകയായിരുന്നു. ഒരു രാഷ്ട്രീയക്കാരന്റെ സമയത്തിനുള്ള അത്രയും മൂല്യം തന്നെ ഒരു സാധാരണ പൗരന്റെ സമയത്തിനുമുണ്ടെന്ന് ഇയാൾ തറപ്പിച്ചു പറഞ്ഞു. തുടർന്ന് ട്രാഫിക് ഇൻസ്പെക്ടറുമായി യുവാവ് വാക്കേറ്റത്തിലാവുകയും ചെയ്തു.

“എന്റെ ഭാര്യ ഗർഭിണിയാണ്. ഞങ്ങൾക്കും ജോലികളില്ലേ? നിങ്ങളെന്തിനാണ് സിഗ്നൽ ബ്ലോക്ക് ചെയ്തത്? ഗവർണർ വിഐപി ആയതുകൊണ്ട് നമ്മൾ ആരുമല്ലെന്നാണോ അർത്ഥം?” എന്ന് യുവാവ് ചോദിച്ചപ്പോൾ, “നിങ്ങളും വിഐപിയാണ്, മാറി നിൽക്കൂ” എന്നായിരുന്നു പൊലീസിന്റെ മറുപടി. എന്നാൽ എഴുന്നേറ്റ് മാറാൻ യുവാവ് തയ്യാറായില്ല.

തിരക്കേറിയ റോഡിലൂടെ വാഹനവ്യൂഹം കടന്നുപോകുന്നത് ദൃശ്യങ്ങളിലുണ്ടെങ്കിലും, പിന്നീട് ഈ സംഘർഷം എങ്ങനെയാണ് പരിഹരിച്ചതെന്ന് വ്യക്തമല്ല.

അടുത്തിടെ വിഐപി സംസ്കാരത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. അധികാരത്തിന്റെ ദൃശ്യ പ്രകടനങ്ങൾക്ക് പകരം ഔദ്യോഗിക നടപടിക്രമങ്ങളിൽ ലാളിത്യവും കാര്യക്ഷമതയും പുലർത്താൻ അദ്ദേഹം മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി സ്വന്തം വാഹനവ്യൂഹത്തിന്റെ വലുപ്പം 50 ശതമാനമായി കുറയ്ക്കുകയും, പൊതുജനങ്ങളുടെ അസൗകര്യം ഒഴിവാക്കാൻ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

Also read: