02/06/2026
[fontresizer_tawhidurrahmandear_widget]

ബിജെപിയിൽ നിന്ന് രാജിവെച്ച് അണ്ണാമലൈ; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും

 ബിജെപിയിൽ നിന്ന് രാജിവെച്ച് അണ്ണാമലൈ; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും

ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽനിന്ന് രാജിവെച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ അദ്ദേഹം രാജി സമർപ്പിച്ചതായാണ് വിവരം പുറത്തുവരുന്നത്. ചൊവ്വാഴ്‌ച വൈകിട്ട് നാലുമണിക്ക് ഡൽഹിയിൽവെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അണ്ണാമലൈ കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.

മാന്യമായ രീതിയിൽ പാർട്ടിയുമായുള്ള ബന്ധം വേർപ്പെടുത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ബി.എൽ. സന്തോഷ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ അണ്ണാമലൈ വ്യക്തമാക്കിയതായി പാർട്ടി വൃത്തങ്ങൾ പറയുന്നു. ഇനി സ്വന്തം പാത തിരഞ്ഞെടുക്കാനാണ് താൻ താല്പര്യപ്പെടുന്നതെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

എന്നാൽ, അണ്ണാമലൈക്ക് ദേശീയ പദവി നൽകി പാർട്ടിയിൽ തന്നെ നിലനിർത്താനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഡൽഹി വിട്ടുപോകരുതെന്ന് അണ്ണാമലൈയോട് പാർട്ടി നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.

തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷസ്ഥാനത്തുനിന്ന് അണ്ണാമലൈയെ മാറ്റി നൈനാർ നാഗേന്ദ്രന് ചുമതല നൽകിയതോടെയാണ് അദ്ദേഹം പാർട്ടിയുമായി അകന്നത്. പിന്നീട് പൊതുവേദികളിൽ അദ്ദേഹം സജീവമായിരുന്നില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽനിന്ന് മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ബി.ജെ.പി നേതൃത്വം അണ്ണാമലൈക്ക് സീറ്റ് നിഷേധിച്ചിരുന്നു. ബി.ജെ.പിയിൽ ഇനി തനിക്ക് ഭാവിയില്ലെന്ന് കരുതുന്ന അണ്ണാമലൈ, പാർട്ടി വിട്ടതിനുശേഷം പുതിയ പാർട്ടി രൂപവത്കരിച്ചേക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളിൽ അണ്ണാമലൈയെ പിന്തുണച്ച് നിരവധി പോസ്റ്ററുകളും ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Also read: