മോഷണം ആരോപിച്ച് യു.പിയിൽ ദലിത് പെൺകുട്ടിക്ക് നേരെ ക്രൂരത; മുടിയിൽ പിടിച്ചുവലിച്ച് റോഡിലൂടെ നടത്തി, മരത്തിൽ കെട്ടിയിട്ട് മർദിച്ചു
ലഖ്നൗ: ഉത്തർപ്രദേശിൽ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിക്ക് നേരെ ക്രൂരമർദനം. പതിനാലുകാരിയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് റോഡിലൂടെ നടത്തിയ ശേഷം മരത്തിൽ കെട്ടിയിട്ട് മർദിച്ചു. സംഭവത്തിൽ കടയുടമയായ ഹരിഷ് ഗുപ്തയെ തർകുൽവ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞ മേയ് 31-ന് ദേവരിയ ജില്ലയിലെ മിശ്രൗലി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പ്രതിയായ ഹരിഷ് ഗുപ്തയുടെ കടയിൽ നിന്ന് പെൺകുട്ടി സാധനങ്ങൾ മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു അതിക്രമം. കുട്ടിയെ ജാതീയമായി അധിക്ഷേപിച്ച പ്രതി, മുടിയിൽ പിടിച്ച് ഗ്രാമം മുഴുവൻ വലിച്ചിഴച്ചു. തുടർന്ന് സ്വന്തം വീടിന് മുന്നിലെ വേപ്പുമരത്തിൽ കെട്ടിയിട്ട് നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും മുന്നിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തിന്റെ ദൃശ്യങ്ങൾ പ്രദേശവാസികളിൽ ഒരാൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് പുറംലോകം വിവരമറിയുന്നത്. എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പറായ 112-ൽ വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു. പ്രതിയായ ഹരിഷ് ഗുപ്‌തക്കെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും ഇയാൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് സർക്കിൾ ഓഫീസർ സുനിൽ കുമാർ റെഡ്ഡി വ്യക്തമാക്കി.
ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ദലിത് സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ രാജ്യത്ത് ദലിതർക്ക് നീതി ലഭ്യമാക്കാൻ സർക്കാരോ നിയമസംവിധാനങ്ങളോ മനുഷ്യാവകാശ കമ്മീഷനോ ഇല്ലേ എന്നും, അതോ ഇതെല്ലാം സവർണർക്ക് വേണ്ടി മാത്രമുള്ളതാണോ എന്നും ആക്ടിവിസ്റ്റ് സൂരജ് കുമാർ ബൗദ്ധ് ചോദിച്ചു. പ്രതി സവർണനും ഇര ദലിത് വിഭാഗത്തിൽ നിന്നുള്ളതുമാകുമ്പോൾ അതൊരു കുറ്റമായി പോലും കണക്കാക്കപ്പെടുന്നില്ലെന്ന് സാമൂഹിക പ്രവർത്തകൻ രവി പാർമറും വിമർശിച്ചു. പട്ടാപ്പകൽ ഒരു ദലിത് പെൺകുട്ടിക്ക് നേരെ ഇത്രയും വലിയ ക്രൂരത നടന്നിട്ടും പ്രതി സവർണനായതിനാൽ മുഖ്യധാരാ മാധ്യമങ്ങൾ ഇത് വാർത്തയാക്കാൻ തയ്യാറായില്ലെന്നും, ഇന്ത്യ ദലിതരുടെ ശ്മശാനമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ‘ദി ദലിത് വോയ്‌സ്’ തങ്ങളുടെ എക്‌സിലെ പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.