19/06/2026
[fontresizer_tawhidurrahmandear_widget]

ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്ക് പൂർണ വിലക്ക്; ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഹൂതികൾ

 ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്ക് പൂർണ വിലക്ക്; ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഹൂതികൾ

സൻആ: ചെങ്കടലിലൂടെയുള്ള ഇസ്രായേലിൻ്റെ കപ്പൽ ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് യമനിലെ ഇറാൻ അനുകൂല സായുധ വിഭാഗമായ ഹൂതികൾ പ്രഖ്യാപിച്ചു. ഇസ്രായേലുമായി ബന്ധമുള്ള മുഴുവൻ കപ്പലുകളും ചെങ്കടലിൽ തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി. ഇസ്രായേലും ഇറാനും പരസ്‌പരം മിസൈലാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഹൂതികളുടെ സൈനിക വക്താവ് യഹിയ അൽ സരി നടത്തിയ ടെലിവിഷൻ പ്രസംഗത്തിലാണ് ഈ നിർണായക പ്രഖ്യാപനമുണ്ടായത്.

ഇസ്രായേലിന് നേരെ തങ്ങൾ വീണ്ടും സൈനിക ആക്രമണം നടത്തിയതായും ഹൂതികൾ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ഇസ്രായേലിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് തരത്തിലുള്ള ആക്രമണങ്ങൾക്കും അതേ നാണയത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്നും തങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിരോധ നീക്കങ്ങൾ കൂടുതൽ കർശനമാക്കുമെന്നും ഹൂതികൾ കൂട്ടിച്ചേർത്തു. “ചെങ്കടലിലൂടെയുള്ള ശത്രുക്കളുടെ കപ്പൽ ഗതാഗതത്തിന് ഞങ്ങൾ പൂർണ നിരോധനം ഏർപ്പെടുത്തുകയാണ്. ഇസ്രായേലിൻ്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കങ്ങളെയും ഞങ്ങളുടെ സൈന്യം സൈനിക ലക്ഷ്യങ്ങളായി മാത്രമേ കാണുകയുള്ളൂ. ആക്രമണങ്ങൾക്ക് അതേ നാണയത്തിൽ ശക്തമായ തിരിച്ചടി നൽകും. പ്രതിരോധ സഖ്യങ്ങളുമായി ചേർന്ന് വരും ദിവസങ്ങളിൽ ഞങ്ങളുടെ സൈനിക നീക്കങ്ങൾ കൂടുതൽ ശക്തമാക്കും,” യഹിയ അൽ സരി വ്യക്തമാക്കി.

ലബനാനിലെ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഇസ്രായേലിലേക്ക് തൊടുത്ത മിസൈലുകൾക്ക് പകരം നടന്ന പ്രത്യാക്രമണങ്ങൾ മേഖലയിലെ സ്ഥിതി അതീവ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. തിരിച്ചടിക്കരുതെന്ന അമേരിക്കയുടെ മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ടാണ് ഇറാനിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയത്. തൊട്ടുപിന്നാലെ ഇസ്രായേലിന് നേരെ മിസൈൽ വർഷിച്ച് ഹൂതികളും രംഗത്ത് വരികയായിരുന്നു. ഇതിനു ശേഷമാണ് ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്ക് പൂർണമായ വിലക്കേർപ്പെടുത്തുമെന്ന് അവർ പ്രഖ്യാപിച്ചത്.

Also read: