‘ഒരു സാധാരണ തെരുവുകച്ചവടക്കാരന് പോലും രജിസ്ട്രേഷൻ നിർബന്ധമുള്ള രാജ്യത്ത് ആർ.എസ്.എസിന് എങ്ങനെ ഇളവ് ലഭിക്കുന്നു?’; ചോദ്യങ്ങളുമായി പ്രിയങ്ക് ഖാർഗെ
കർണാടക: രാജ്യത്ത് ഒരു ചെറിയ ബിസിനസ്സ് നടത്തുന്ന സാധാരണ തെരുവുകച്ചവടക്കാർക്ക് പോലും രജിസ്ട്രേഷൻ നിർബന്ധമാണെന്നിരിക്കെ, രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആർ.എസ്.എസ്) എങ്ങനെയാണ് ഇത്തരം നിയമങ്ങളിൽ നിന്നും ഇളവ് ലഭിക്കുന്നതെന്ന ചോദ്യവുമായി കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. രാജ്യത്ത് പ്രവർത്തിക്കുന്ന ഏതൊരു സ്ഥാപനത്തിനും അല്ലെങ്കിൽ സന്നദ്ധ സംഘടനകൾക്കും കൃത്യമായ നിയമപരമായ രജിസ്ട്രേഷനും ഭരണഘടനയും ഓഡിറ്റിംഗും ആവശ്യമാണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ നയരൂപീകരണങ്ങളിൽ ഉൾപ്പെടെ രാജ്യത്തുടനീളം ഇത്രയധികം സ്വാധീനം ചെലുത്തുന്ന ആർ.എസ്.എസ് എന്ന സംഘടനയ്ക്ക് യാതൊരുവിധത്തിലുള്ള നിയമപരമായ രജിസ്ട്രേഷനുമില്ലെന്നത് വളരെ ഗൗരവമുള്ള കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു രജിസ്റ്റേർഡ് സംഘടനയല്ലാത്ത ആർ.എസ്.എസ് എങ്ങനെയാണ് ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതെന്നും, അവർക്ക് എവിടെ നിന്നാണ് ഫണ്ട് ലഭിക്കുന്നതെന്നും, ഈ ഫണ്ടുകൾ എങ്ങനെയാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. നികുതി ഇളവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അവർക്ക് എങ്ങനെ ലഭിക്കുന്നുവെന്നതും എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അവർ പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കേണ്ടതുണ്ട്.
രാജ്യത്തെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണം. ചെറിയ കച്ചവടക്കാർക്കും സന്നദ്ധ സംഘടനകൾക്കും മേൽ കർശനമായ നിയമങ്ങളും ഓഡിറ്റിങ്ങും അടിച്ചേൽപ്പിക്കുന്ന സർക്കാർ, എന്തുകൊണ്ടാണ് ആർ.എസ്.എസിനോട് ഈ വിഷയത്തിൽ കണ്ണടയ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഗവൺമെന്റിന്റെ നയരൂപീകരണങ്ങളിൽ പോലും വലിയ സ്വാധീനം ചെലുത്തുന്ന ഒരു സംഘടന ഇത്തരത്തിൽ നിയമപരമായ ഒരു ചട്ടക്കൂടിനും വിധേയമാകാതെ പ്രവർത്തിക്കുന്നത് ജനാധിപത്യ സംവിധാനത്തിൽ വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും യാതൊരുവിധ സുതാര്യതയുമില്ലാതെ, സർക്കാരിന് യാതൊരു കണക്കും നൽകാതെ പ്രവർത്തിക്കാൻ ഇവർക്ക് ആരാണ് അനുമതി നൽകിയതെന്നും, ഇതിന് കൃത്യമായ മറുപടി നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടു.