വ്യാജരേഖകളിൽ റേഷൻകാർഡും ഭക്ഷ്യസുരക്ഷാ ലൈസൻസും; കൊല്ലത്ത് ബംഗ്ലാദേശികൾ ഹോട്ടൽ നടത്തിയ സംഭവത്തിൽ വൻ സുരക്ഷാ വീഴ്ച
കൊല്ലം: കേരളത്തിൽ അനധികൃതമായി താമസിച്ച്, വ്യാജരേഖകൾ ചമച്ച് സർക്കാർ ലൈസൻസുകളോടെ ഹോട്ടൽ നടത്തിവന്ന ബംഗ്ലാദേശ് പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. കൊല്ലം ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ നീണ്ടകര ഹാർബറിന് സമീപം രണ്ട് മാസത്തോളമാണ് ഇവർ ഹോട്ടൽ നടത്തിയത്. ബംഗ്ലാദേശിലേക്ക് മുങ്ങിയ മുംതാസ് എന്നയാളുടെ പേരിൽ 2027 വരെ കാലാവധിയുള്ള ഭക്ഷ്യസുരക്ഷാ ലൈസൻസാണ് ഇവർ സംഘടിപ്പിച്ചിരുന്നത്.
പശ്ചിമ ബംഗാൾ സ്വദേശികളെന്ന വ്യാജേനയാണ് ഇവർ കടമുറി വാടകയ്‌ക്കെടുത്തതെന്ന് കെട്ടിടമുടമ മജീദ് വ്യക്തമാക്കി. രണ്ട് മാസത്തെ കച്ചവടത്തിന് ശേഷം ഇവർ പെട്ടെന്ന് മുങ്ങുകയായിരുന്നു. പശ്ചിമ ബംഗാളിൽ നിന്ന് വ്യാജ ആധാർ കാർഡുകൾ സംഘടിപ്പിച്ച സംഘം, പിന്നീട് ചാലക്കുടിയിലും കരുനാഗപ്പള്ളിയിലുമായി താമസിച്ചു. ഇതിനിടയിൽ ബെംഗളൂരുവിലെത്തി കേരളത്തിലെ മേൽവിലാസത്തിലുള്ള വ്യാജ തിരിച്ചറിയൽ രേഖകളും സ്വന്തമാക്കി. ഈ രേഖകൾ ഉപയോഗിച്ചാണ് ഇവർ സർക്കാർ വകുപ്പുകളിൽ നിന്ന് ലൈസൻസുകൾ കരസ്ഥമാക്കിയത്. ഹോട്ടലിനെ തൊഴിൽ വകുപ്പുമായി ബന്ധിപ്പിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് ഇവർ ഒളിവിൽ പോയത്.
കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ നിന്ന് 10 ബംഗ്ലാദേശികളെ പോലീസ് പിടികൂടിയതോടെയാണ് സംസ്ഥാനത്തെ ഈ വലിയ സുരക്ഷാ വീഴ്ച വെളിച്ചത്തായത്. ഇവരിൽ നിന്ന് കൊല്ലം ജില്ലയിലെ മേൽവിലാസത്തിലുള്ള വ്യാജ ആധാർ കാർഡ്, പാൻ കാർഡ്, ഇലക്ഷൻ ഐഡൻറിറ്റി കാർഡ്, റേഷൻ കാർഡ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 13 വർഷമായി ഇവർ കേരളത്തിൽ വിവിധയിടങ്ങളിൽ താമസിച്ചുവരികയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, സംസ്ഥാനത്ത് നിന്ന് അടുത്തിടെ അപ്രത്യക്ഷരായ ഇതര സംസ്ഥാനക്കാരുടെ വിവരങ്ങൾ ഭീകരവാദ വിരുദ്ധ സ്ക്വാഡ് ശേഖരിച്ചുവരികയാണ്. സുരക്ഷാ ഏജൻസികൾ നിലവിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.