14/06/2026
[fontresizer_tawhidurrahmandear_widget]

‘മരിച്ചിട്ട് 3 ദിവസം, മൃതദേഹം സൂക്ഷിക്കാൻ ഫ്രീസർ പോലുമില്ല; ഒമാനിൽ നിന്ന് സഹായമഭ്യർത്ഥിച്ച് എംടി സെലസ്റ്റിയൻ കപ്പലിലെ ഇന്ത്യക്കാർ

 ‘മരിച്ചിട്ട് 3 ദിവസം, മൃതദേഹം സൂക്ഷിക്കാൻ ഫ്രീസർ പോലുമില്ല; ഒമാനിൽ നിന്ന് സഹായമഭ്യർത്ഥിച്ച് എംടി സെലസ്റ്റിയൻ കപ്പലിലെ ഇന്ത്യക്കാർ

മസ്‌കത്ത്: ഒമാനിലെ ദുകം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ‘എംടി സെലസ്റ്റിയൽ’ എന്ന കപ്പലിൽ മരണപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കോൺഗ്രസ്. കപ്പലിലെ സെക്കൻഡ് ഓഫിസർ നിശാന്ത് ഉയിർത്തനാഥനാണ് (35) മരണപ്പെട്ടത്. ജൂൺ 11ന് കപ്പലിൽ വെച്ചാണ് നിശാന്തിന് കപ്പലിൽവെച്ച് ആരോഗ്യ പ്രശ്‌നമുണ്ടായത്. മേഖലയിലെ സംഘർഷാവസ്ഥ കാരണം കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കാനോ കപ്പലിൽ നിന്ന് മാറ്റാനോ സാധിച്ചിരുന്നില്ല. എന്നാൽ നിശാന്തിന്റെ മരണശേഷം മൂന്ന് ദിവസമായിട്ടും മൃതദേഹം സൂക്ഷിക്കാനുള്ള ഫ്രീസർ സംവിധാനം പോലും കപ്പൽ ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാർ ആരോപിച്ചു. മൃതദേഹം ജീർണിക്കാതിരിക്കാൻ തണുത്ത വെള്ളക്കുപ്പികൾ വെച്ചാണ് ജീവനക്കാർ കാത്തുസൂക്ഷിക്കുന്നത്. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാരും സഹായം അഭ്യർത്ഥിക്കുന്ന വീഡിയോയും കോൺഗ്രസ് ഇതിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

മരണശേഷം ഇന്ത്യൻ പൗരന്മാർക്ക് അന്തസ്സായ യാത്രാമൊഴി നൽകാൻ കഴിയാത്തവിധം നരേന്ദ്ര മോദി ഒരു ദുർബലനായ നേതാവായി മാറിയെന്നും അദ്ദേഹത്തിന്റെ പരാജയങ്ങൾ ജനങ്ങൾക്ക് വലിയ ഭാരമായി മാറുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ, കപ്പൽ ജീവനക്കാരന്റേത് സ്വാഭാവികമായ ആരോഗ്യപ്രശ്‌നങ്ങൾ മൂലമുണ്ടായ മരണമാണെന്നും കപ്പൽ നിയന്ത്രിക്കുന്ന കമ്പനിയായ ഹാംബർഗ് മറൈൻ ലൈൻസുമായി ചേർന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും മസ്‌കത്തിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പരേതന്റെ കുടുംബത്തെ അനുശോചനം അറിയിച്ച എംബസി, വിഷയം സജീവമായി ഇടപെടുന്നുണ്ടെന്നും വ്യക്തമാക്കി.

അതേസമയം, കപ്പലിലെ മെഡിക്കൽ അടിയന്തരാവസ്ഥ കൈകാര്യം ചെയ്തതിലും മൃതദേഹം സൂക്ഷിച്ചതിലും ഗുരുതരമായ വീഴ്ചയുണ്ടായതായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്കിടയിൽ ഉണ്ടായ ഈ വീഴ്ചയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുഎസ് സൈനിക നടപടികളും കപ്പൽ ഗതാഗത തടസ്സങ്ങളും കാരണം പശ്ചിമേഷ്യൻ കടൽ മേഖലയിൽ ഇന്ത്യൻ കപ്പൽ ജീവനക്കാർ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് പങ്കുവെച്ച വീഡിയോയിൽ കപ്പലിനുള്ളിൽ മൃതദേഹം ഒരു പെട്ടിയിൽ താൽക്കാലികമായി സൂക്ഷിച്ചിരിക്കുന്നതും ജീവനക്കാർ കടുത്ത മാനസിക വിഷമത്തോടെ സഹായത്തിനായി അപേക്ഷിക്കുന്നതും കാണാം.

Also read: