15/06/2026
[fontresizer_tawhidurrahmandear_widget]

ദിവസവും ലണ്ടനിൽനിന്ന് ഗുജറാത്തിലേക്ക് എത്തുന്ന ഫോൺകോൾ! ദുരന്തമെടുത്ത കമലേഷിന്റെ അച്ഛനും അമ്മയ്ക്കും കൂട്ടായി ഒമർ അലി

 ദിവസവും ലണ്ടനിൽനിന്ന് ഗുജറാത്തിലേക്ക് എത്തുന്ന ഫോൺകോൾ! ദുരന്തമെടുത്ത കമലേഷിന്റെ അച്ഛനും അമ്മയ്ക്കും കൂട്ടായി ഒമർ അലി

ലണ്ടന്‍/അഹമ്മദാബാദ്: ‘കൈസേ ഹോ ആപ്, ടീക് ഹോ?'(എങ്ങനെയുണ്ട് നിങ്ങൾക്ക്, സുഖമാണോ?)

കഴിഞ്ഞ ഒരു വർഷമായി, ലണ്ടനിൽനിന്ന് ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലുള്ള തവാർ ഗ്രാമത്തിലേക്ക് ദിവസവും എത്തുന്ന ഒരു ഫോൺകോൾ തുടങ്ങുന്നത് ഈ ചോദ്യത്തോടെയാകും. ഒരു വശത്ത് 48 വയസ്സുകാരനായ സവ്ധാൻഭായ് ചൗധരി എന്ന സാധാരണ ഗുജറാത്തി കർഷകൻ. മറുപുറത്ത് ലണ്ടനിൽ ജോലി ചെയ്യുന്ന ഒമർ അലി എന്ന പാകിസ്താനി യുവാവ്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ അതിരുകളോ, മതപരമായ വ്യത്യാസങ്ങളോ, ഭാഷാപരമായ തടസ്സങ്ങളോ ഒന്നും അവരെ അകറ്റി നിർത്തുന്നില്ല. ഒരു വലിയ ദുരന്തം ബാക്കിവച്ച ആഴമേറിയ മുറിവുകളിൽനിന്ന് ജനിച്ച, വാക്കുകൾക്കപ്പുറമുള്ള അപൂർവ സൗഹൃദത്തിന്റെ കഥയാണിത്.

വിമാനത്തോടൊപ്പം തകർന്നടിഞ്ഞ സ്വപ്നങ്ങൾ

2025 ജൂൺ 12-നായിരുന്നു ആ ഇരുണ്ട ദിനം. അഹമ്മദാബാദിൽനിന്ന് ലണ്ടനിലെ ഗ്യാറ്റ്വിക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം, സാങ്കേതിക തകരാറുകൾ മൂലം അഹമ്മദാബാദിലെ മേഘാനിനഗറിലുള്ള മെഡിക്കൽ ഹോസ്റ്റൽ സമുച്ചയത്തിലേക്ക് തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്നവരും ഹോസ്റ്റലിലുണ്ടായിരുന്നവരും ഉൾപ്പെടെ ആകെ 260 ജീവനുകളാണ് അന്ന് പൊലിഞ്ഞത്.

സവ്ധാൻഭായിയുടെ മൂത്ത മകൻ കമലേഷും അവന്റെ നവവധു ധാപുബെനും ആ വിമാനത്തിലുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ലണ്ടനിലേക്ക് പറക്കുകയായിരുന്നു അവർ. മരുമകൾ ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ സന്തോഷത്തിൽ സവ്ധാൻഭായ് തന്റെ ഫോണിൽ പകർത്തിയ 30 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ ഇന്നും ആ മാതാപിതാക്കളുടെ നെഞ്ചുപൊള്ളിക്കുന്ന ഓർമയാണ്.

മക്കളെ യാത്രയാക്കി 100 കിലോമീറ്ററോളം പിന്നിട്ട് മഹേസാന ജില്ലയിലെ ഉൻജയിൽ എത്തിയപ്പോഴാണ് സവ്ധാൻഭായ് അപകടവാർത്ത അറിയുന്നത്. പ്രാർത്ഥനകളോടെ വണ്ടി തിരിച്ചുവിട്ട് അഹമ്മദാബാദിൽ എത്തുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. പിന്നീട് ‘ഫാമിലി റിട്ടേൺസ് സെന്ററിൽ’ നിന്ന് അവർക്ക് തിരികെ ലഭിച്ചത് കരിഞ്ഞുപോയ ഒരു വെഡ്ഡിങ് ആൽബവും ആധാർ കാർഡും കുറച്ചു രേഖകളും മാത്രമായിരുന്നു.

ലണ്ടനിൽനിന്നുള്ള ആ ഫോൺവിളി

കമലേഷ് ലണ്ടനിലെ ഒരു ഫാൻസി ഗുഡ്‌സ് സ്റ്റോറിലായിരുന്നു ജോലി ചെയ്തിരുന്നത്. അവിടെയുള്ള മറ്റൊരു സെക്ഷനിലെ സീനിയർ സെയിൽസ് മാനേജരായിരുന്നു ഒമർ അലി. അവർ അടുത്ത സുഹൃത്തുക്കൾ പോലുമായിരുന്നില്ല. കമലേഷിന്റെ മരണവിവരമറിഞ്ഞ് ഒമർ അലി പൊട്ടിക്കരഞ്ഞു. ഇതുകണ്ട സ്ഥാപന ഉടമയും അഫ്ഗാൻ സിഖ് വംശജനുമായ ‘തന്നിഭായ്’ (അംഗത് സിങ്), കമലേഷിന്റെ നാട്ടിലെ കുടുംബത്തെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാൻ ഒമറിനെ ചുമതലപ്പെടുത്തി.

അങ്ങനെയാണ് ഒമർ സവ്ധാൻഭായിയുടെ നമ്പർ വാങ്ങി വിളിക്കുന്നത്. ഫോൺ എടുത്ത പിതാവ് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത് ഒന്നേയുള്ളൂ: ‘മേരാ ബേട്ടാ ചലാ ഗയാ…'(എന്റെ മകൻ പോയി…). ആ വാക്കുകൾ ഒമറിന്റെ ഉള്ളുലച്ചു. താൻ എന്നും കൂടെയുണ്ടാകുമെന്ന് ആ അച്ഛന് ഒമർ ഉറപ്പുനൽകി.

നഷ്ടങ്ങളുടെ സമാനതകൾ
ഒമർ അലി ലണ്ടനിലേക്ക് താമസം മാറ്റിയിട്ട് വർഷങ്ങളായി. 2022-ൽ ഒരു മാസത്തെ വ്യത്യാസത്തിലാണ് ഒമറിന് തന്റെ സഹോദരനെയും പിതാവിനെയും നഷ്ടപ്പെടുന്നത്. തൊട്ടടുത്ത വർഷം അമ്മയും മരിച്ചു. കുടുംബാംഗങ്ങളെല്ലാം നഷ്ടപ്പെട്ട ഒമറിന്, സവ്ധാൻഭായിയുടെ ദുഃഖം സ്വന്തം വേദനയായി തോന്നി.

അന്ന് തുടങ്ങിയതാണ് ആ ശീലം. കഴിഞ്ഞ ഒരു വർഷമായി എല്ലാ ദിവസവും ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നു മണിയാകുമ്പോൾ സവ്ധാൻഭായിയുടെ ഫോണിലേക്ക് ലണ്ടനിൽനിന്ന് ഒമറിന്റെ കോൾ വരും. ഒമർ തന്റെ ജോലിസ്ഥലത്തേക്ക് നടന്നുപോകുമ്പോഴാണ് ഈ വിളി. മുൻപ് ദിവസവും ലാഹോറിലുള്ള തന്റെ മാതാപിതാക്കളെ വിളിച്ചിരുന്ന ഒമർ, ഇന്ന് ആ സമയത്ത് കമലേഷിന്റെ മാതാപിതാക്കളെ വിളിക്കുന്നു.

തുടക്കത്തിൽ സവ്ധാൻഭായിക്ക് ഹിന്ദി നന്നായി സംസാരിക്കാൻ അറിയില്ലായിരുന്നു. അദ്ദേഹം ഗുജറാത്തിയിലാണ് സംസാരിച്ചിരുന്നത്. എന്നാൽ, ഒമർ ക്ഷമയോടെ അത് കേട്ടിരുന്നു. സങ്കടങ്ങൾക്ക് ഭാഷയുടെ ആവശ്യമില്ലെന്ന് അവർ തിരിച്ചറിഞ്ഞു.

ഇന്ന് അവരുടെ സംഭാഷണങ്ങൾ വെറും ആശ്വാസ വാക്കുകളിൽ ഒതുങ്ങുന്നില്ല. സാധാരണ വീട്ടുവിശേഷങ്ങളിലേക്ക് അത് വളർന്നു. നാട്ടിലെ കാലാവസ്ഥ, സവ്ധാൻഭായിയുടെ കാലിലെ ഇൻഫെക്ഷൻ, ഉച്ചയ്ക്ക് കഴിച്ച വിഭവങ്ങൾ, ഒമർ താടി വടിച്ചതിനെക്കുറിച്ച്… അങ്ങനെയെല്ലാം…

‘കമലേഷ് എപ്പോഴും പറയുമായിരുന്നു, അവന്റെ അച്ഛൻ ഒരു സുഹൃത്തിനെപ്പോലെയാണെന്ന്. ഇന്ന് എനിക്കും സവ്ധാൻഭായിയോട് തോന്നുന്നത് ആ ഒരു ബന്ധമാണ്,’ ഒമർ പറയുന്നു.

മകന്റെയും മരുമകളുടെയും വേർപാടോടെ തങ്ങളുടെ ജീവിതം അവസാനിച്ചുവെന്ന് കരുതുന്ന സവ്ധാൻഭായിക്കും ഭാര്യ രത്‌നിബെന്നിനും, ഈ ദുരന്തഭൂമിയിൽ മനുഷ്യത്വവും സ്‌നേഹവും ഇനിയും ബാക്കിയുണ്ടെന്ന് ഓർമിപ്പിക്കുന്നത് ഒമറിന്റെ മുടങ്ങാത്ത ഫോൺ കോളുകളാണ്. അതിർത്തികൾക്കപ്പുറം രണ്ട് മനുഷ്യർ, പരസ്പരം കണ്ടിട്ടില്ലാത്തവർ, മതം കൊണ്ടും രാജ്യം കൊണ്ടും വേറിട്ടുനിൽക്കുന്നവർ, പങ്കുവെക്കപ്പെട്ട ഒരു വലിയ സങ്കടത്തിലൂടെ ഇന്ന് ഒരൊറ്റ കുടുംബമായി മാറിയിരിക്കുന്നു.

Also read: