നീറ്റ് പുനഃപരീക്ഷ: ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക വിലക്ക്; മെസേജ് എഡിറ്റിങ് ഫീച്ചറും പൂട്ടി
ന്യൂഡൽഹി: ജൂൺ 21 ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുരക്ഷ മുൻനിർത്തി രാജ്യത്ത് പ്രമുഖ മെസേജിങ് ആപ്പായ ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. പരീക്ഷയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വ്യാജ വിവരങ്ങളും തടയുന്നതിന്റെ ഭാഗമായി നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻടിഎ) ശുപാർശപ്രകാരമാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ (MeitY) നടപടി. ജൂൺ 22 വരെയാണ് ആപ്പിന് നിയന്ത്രണം. കൂടാതെ, വ്യാജ പ്രചാരണങ്ങൾ തടയാനായി ടെലിഗ്രാമിലെ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ജൂൺ 30 വരെ കേന്ദ്രസർക്കാർ നിർദേശപ്രകാരം പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്.
ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ടെലിഗ്രാമിന്റെ എഡിറ്റിങ് ഫീച്ചർ ദുരുപയോഗം ചെയ്യുന്നതായി എൻടിഎ കണ്ടെത്തിയിരുന്നു. പഴയ പോസ്റ്റുകൾ എഡിറ്റ് ചെയ്ത്, പരീക്ഷയ്ക്ക് ശേഷം ചോദ്യപേപ്പറുകൾ അറ്റാച്ച് ചെയ്താൽ പോലും യഥാർത്ഥ ടൈംസ്റ്റാമ്പ് നിലനിൽക്കും. ഇത് പേപ്പർ മുൻകൂട്ടി ചോർന്നതാണെന്ന് വരുത്തിതീർക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്നു. എഡിറ്റിങ് ഫീച്ചർ താൽക്കാലികമായി നിർത്തുന്നത് പുതിയ സന്ദേശങ്ങൾ അയക്കുന്നതിനെയോ സ്വീകരിക്കുന്നതിനെയോ ബാധിക്കില്ലെന്നും എൻടിഎ വ്യക്തമാക്കി.
വ്യാജ ചോദ്യപേപ്പറുകൾ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടുന്ന സംഘങ്ങൾക്കെതിരെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) സഹായത്തോടെ കർശന നടപടികളാണ് സ്വീകരിക്കുന്നത്. നിരവധി ടെലിഗ്രാം ചാനലുകളും ബോട്ടുകളും ഇതിനകം നീക്കം ചെയ്തു. ഗുജറാത്ത്, ബീഹാർ സംസ്ഥാനങ്ങളിൽ സൈബർ തട്ടിപ്പ് സംഘങ്ങളെ അറസ്റ്റ് ചെയ്യുകയും ഒട്ടേറെ മൊബൈൽ നമ്പറുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
സുരക്ഷിതമായ പരീക്ഷാ പ്രക്രിയയ്ക്ക് പുറത്ത് നീറ്റ് ചോദ്യപേപ്പറുകൾ ലഭ്യമല്ലെന്നും പണം ആവശ്യപ്പെടുന്ന ഇത്തരം ചാനലുകളുടെ വഞ്ചനയിൽ വിദ്യാർത്ഥികൾ വീഴരുതെന്നും എൻടിഎ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ മാത്രം ആശ്രയിക്കാനും തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സൈബർ ക്രൈം അധികാരികളെ അറിയിക്കാനും എൻടിഎ നിർദ്ദേശിച്ചു. ജൂൺ 21-ലെ പുനഃപരീക്ഷ നിശ്ചയിച്ച പ്രകാരം സുരക്ഷിതമായി നടക്കും.