ഒരുവട്ടം തള്ളി, പേര് മാറ്റി വീണ്ടും അപേക്ഷിച്ച് യുഎസ് പൗരത്വം നേടി; ഇന്ത്യൻ വംശജനെതിരെ കേസ്
വാഷിങ്ടൺ: വ്യാജപ്പേരും തെറ്റായ വിവരങ്ങളും നൽകി അമേരിക്കൻ പൗരത്വം നേടിയ ഇന്ത്യൻ വംശജനെതിരെ യുഎസ് നീതിന്യായ വകുപ്പ് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. ആദ്യ തവണ സമർപ്പിച്ച അപേക്ഷ നിരസിക്കപ്പെടുകയും നാടുകടത്താൻ ഉത്തരവിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് പേര് മാറ്റി ഇയാൾ വീണ്ടും അപേക്ഷിച്ച് പൗരത്വം നേടിയത്. 54 വയസ്സുകാരനായ ബൽവീന്ദർ സിംഗ് എന്ന വ്യക്തിക്കെതിരെയാണ് നിയമനടപടി. കോടതിയിൽ കുറ്റം തെളിയിക്കപ്പെട്ടാൽ ഇയാളുടെ അമേരിക്കൻ പൗരത്വം റദ്ദാക്കപ്പെടും.
കോടതി രേഖകൾ പ്രകാരം 1990 ഓഗസ്റ്റിൽ ബൽവീന്ദർ സിംഗ് എന്ന തന്റെ യഥാർത്ഥ പേരിൽ ഇയാൾ അമേരിക്കയിൽ കുടിയേറ്റ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിരുന്നു. എന്നാൽ ആ വർഷം നവംബറിൽ ഇമിഗ്രേഷൻ ജഡ്ജി അപേക്ഷ നിരസിക്കുകയും ഇയാളെ നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ നൽകിയ അപ്പീലുകൾ പരാജയപ്പെട്ടതോടെ 1993ൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ നിർദ്ദേശിച്ചെങ്കിലും ഇയാൾ അതിന് തയ്യാറായില്ല.
തുടർന്ന് കുടിയേറ്റ നിയമങ്ങളെ കബളിപ്പിച്ച് ലിസ്റ്റിൽ വീണ്ടും കയറിപ്പയറ്റാൻ ഇയാൾ പുതിയൊരു വഴി കണ്ടെത്തി. 1994 നവംബറിൽ ജസ്വീന്ദർ സിംഗ് എന്ന പുതിയ പേരിൽ ഇയാൾ രണ്ടാമതൊരു അപേക്ഷ സമർപ്പിച്ചു. ഈ അപേക്ഷയിൽ തന്റെ യഥാർത്ഥ പേര് മറച്ചുവെച്ചതിന് പുറമെ ജനനത്തീയതിയും അമേരിക്കയിൽ പ്രവേശിച്ച തീയതിയുമെല്ലാം തിരുത്തിയാണ് നൽകിയത്. പഴയ നാടുകടത്തൽ ഉത്തരവിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതിൽ വെളിപ്പെടുത്തിയിരുന്നില്ല. നൽകിയ വിവരങ്ങൾ സത്യമാണെന്ന് ബോധിപ്പിച്ചതിനെ തുടർന്ന് 2003ൽ ഇയാൾക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ചു.
ഇതിനുശേഷമാണ് ഇയാൾ അമേരിക്കൻ പൗരത്വത്തിനായി അപേക്ഷിക്കുന്നത്. അപേക്ഷയിലെ വിവരങ്ങളെല്ലാം സത്യമാണെന്ന് ഒപ്പിട്ടു നൽകിയതോടെ 2013 ജൂൺ 3ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഇയാൾക്ക് പൗരത്വം അനുവദിച്ചു.
വസ്തുതകൾ മനഃപൂർവം മറച്ചുവെക്കുകയും തെറ്റായ സാക്ഷ്യപത്രങ്ങൾ നൽകി അമേരിക്കൻ പൗരത്വം നിയമവിരുദ്ധമായി കൈക്കലാക്കുകയും ചെയ്തു എന്നാണ് ഇപ്പോൾ ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റം. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് വെളിച്ചത്തായത്. ഏതെങ്കിലും ഒരു കുറ്റമെങ്കിലും കോടതിയിൽ തെളിയിക്കപ്പെട്ടാൽ ഇയാളുടെ പൗരത്വം റദ്ദാക്കാനും രാജ്യം വിട്ടുപോകാൻ ഉത്തരവിടാനും യുഎസ് ഡിസ്ട്രിക്റ്റ് കോടതിക്ക് അധികാരമുണ്ട്.