മട്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഉംറ തീർത്ഥാടകർ അത്ഭുതകരമായി രക്ഷപ്പെട്ടു
മട്ടന്നൂർ: ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. വയനാട്ടിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് ഉംറ തീർത്ഥാടകരുമായി പോവുകയായിരുന്ന ബസാണ് പൂർണമായും കത്തിനശിച്ചത്. ശിവപുരം മുസ്‌ലിം ലീഗ് ഓഫീസ് പരിസരത്ത് വെച്ചായിരുന്നു അപകടം.
യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബസിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തിയ ഉടൻ തന്നെ തീർത്ഥാടകർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ല. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായി കത്തിയമർന്നു. തീപിടുത്തത്തിൽ സമീപത്തെ ചില കടകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.