23/06/2026
[fontresizer_tawhidurrahmandear_widget]

സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവി അന്തരിച്ചു

 സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവി അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ പ്രമുഖ പണ്ഡിതൻ തളങ്കര ഖാസിലൈന്‍ ഖാസിയാരകം വീട്ടില്‍ ത്വാഖ അഹമ്മദ് മൗലവി (78) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നിലവില്‍ ദക്ഷിണ കന്നഡ ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം ദക്ഷിണ കന്നഡ (മംഗളൂരു), ഉഡുപ്പി ജില്ലകളിലെയും കാസര്‍കോട്-കീഴൂര്‍ സംയുക്ത ജമാഅത്ത്, കുഞ്ചത്തൂര്‍ എന്നിവിടങ്ങളിലെ ഇരുന്നൂരില്‍പരം മഹല്ലുകളുടെ സംയുക്ത ഖാസിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

1948 ഏപ്രില്‍ എട്ടിന് ഖാസിയാര്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ആയിഷയുടെയും മകനായാണ് ജനനം. തളങ്കര മുസ്‌ലിം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. കാസര്‍കോട് റൗളത്തുല്‍ ഉലൂം മദ്‌റസ, പൊന്നാനി മഊനത്ത് അറബിക് കോളജ്, അഴീക്കോട് ഇര്‍ഷാദ് എന്നിവിടങ്ങളിലെ മതപഠനത്തിന് ശേഷം ഉത്തര്‍പ്രദേശിലെ ദാറുല്‍ ഉലൂം ദയൂബന്തില്‍ നിന്ന് ഉന്നത മതബിരുദങ്ങള്‍ നേടി. തുടര്‍ന്ന് ഈജിപ്തിലെ കെയ്‌റോ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഉസൂലുല്‍ ഫിഖ്ഹില്‍ മാജിസ്റ്റര്‍ (ആലിമിയ്യ) ബിരുദവും കരസ്ഥമാക്കി.

മംഗളൂരു ബന്തര്‍ ജലാലുദീന്‍ മുഹമ്മദ് മൗല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജ് പ്രിൻസിപ്പൽ, ദക്ഷിണ കന്നഡ കാശിപട്ടണം ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കോട്ടയം തിരുനക്കര ശാഫി ജുമാമസ്ജിദ്, ജാമിഅ ശൈഖതുസല്‍മ ത്വാഖ സലാല മസ്ജിദ് ഇമാം ഖത്തീബ്, ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ്, ജലാലുദീന്‍ മൗല ഹിഫ്ള് കോളജ്, ദക്ഷിണ കന്നഡ ജില്ലയിലെ കാശിപട്ടണം ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ സേവനം.
മലയാളത്തിലും ഉര്‍ദുവിലും നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ഭാര്യ: കെ. റഹ്മത്തുന്നിസ. മക്കള്‍: മുഹമ്മദ് (വെല്‍ഫിറ്റ്, അജ്മാന്‍), ഹുസൈന്‍ റഹ്മാനി (സദര്‍ മുദരിസ്, കാശിപട്ടണം ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെന്റര്‍), അബൂബക്കര്‍ സിദ്ദീഖ് ഹുദവി (വിദ്യാര്‍ഥി, ജാമിഉല്‍ അസ്ഹര്‍, ഈജ്പ്ത്), ഫാത്തിമ, ആയിഷ (അബൂദബി).
മരുമക്കള്‍: എം. ഖലീലുല്‍ റഹ്മാന്‍ ദാരിമി (ഖത്തീബ്, ഉപ്പള കുന്നില്‍ ജുമാമസ്ജിദ്), ഫൈസല്‍ (അബൂദബി), തൗഫീറ, സിദ്ദീഖ (കാശിപട്ടണം). സഹോദരങ്ങള്‍: അബ്ദുല്ല സഅദി, യൂസഫ് ബാഖവി, അബ്ദുല്‍ഖാദര്‍ സഅദി, ഖദീജ, ആമിന, ഹലീമ, നജ്മുന്നിസ.

മയ്യിത്ത് ഇന്ന് വൈകുന്നേരം നാലുമണി മുതല്‍ തളങ്കര ഖാസിലൈനിലെ ഖാസിയാരകം വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഖബറടക്കം നാളെ (ബുധനാഴ്ച) രാവിലെ 11 മണിക്ക് ദക്ഷിണ കന്നഡ ജില്ലയിലെ കാശിപട്ടണം ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെന്റര്‍ കാംപസില്‍ നടക്കും.

Also read: