23/06/2026
[fontresizer_tawhidurrahmandear_widget]

‘ഹൃദയത്തിലാണ് സ്പെയിൻ’; ​ഗസ്സയുടെ തെരുവിൽ സ്പാനിഷ് പടയ്ക്കായി ആർപ്പുവിളികൾ; അറബ് ടീമായ സൗദിയെക്കാൾ സ്പെയിൻ ഗസ്സക്കാരുടെ പ്രിയപ്പെട്ട ടീമാകുന്നതെങ്ങനെ?

 ‘ഹൃദയത്തിലാണ് സ്പെയിൻ’; ​ഗസ്സയുടെ തെരുവിൽ സ്പാനിഷ് പടയ്ക്കായി ആർപ്പുവിളികൾ; അറബ് ടീമായ സൗദിയെക്കാൾ സ്പെയിൻ ഗസ്സക്കാരുടെ പ്രിയപ്പെട്ട ടീമാകുന്നതെങ്ങനെ?

​ഗസ്സ: യുദ്ധത്തിൻ്റെയും നിരന്തരമുള്ള ബോംബാക്രമണങ്ങളുടെയും ദുരിതങ്ങൾക്കിടയിലും, ഫുട്ബോളിലൂടെ അതിജീവനത്തിന്റെ പുതുവഴികൾ തേടുകയാണ് ഗസ്സയിലെ ജനങ്ങൾ. ഗസ്സ സിറ്റിയിലെ ഒരു താൽക്കാലിക കഫേയിൽ ലോകകപ്പിലെ സ്പെയിൻ – സൗദി അറേബ്യ മത്സരം കാണാൻ ഒത്തുകൂടിയ ജനക്കൂട്ടം ഇതിനൊരു നേർച്ചിത്രമാണ്.

മത്സരത്തിൻ്റെ പത്താം മിനിറ്റിൽ സ്പാനിഷ് യുവതാരം ലാമിൻ യമാൽ ആദ്യ ഗോൾ വലയിലാക്കിയപ്പോൾ ​ഗസ്സയിലെ ഒരു താത്കാലിക കഫേയിൽ വലിയ ആവേശമാണ് അലയടിച്ചത്. ഫലസ്തീനുമായി എക്കാലത്തും അടുത്ത ബന്ധം പുലർത്തുന്ന അറബ് രാജ്യമാണ് സൗദി അറേബ്യയെങ്കിലും, സ്പാനിഷ് ടീമിനോടാണ് ഗസ്സക്കാരുടെ പ്രിയം കൂടുതൽ.

ലോകകപ്പിൽ സ്പെയിനിന് ലഭിക്കുന്ന ഈ അചഞ്ചലമായ പിന്തുണ കേവലം അവരുടെ ഫുട്ബോൾ മികവിൻ്റെ പേരിൽ മാത്രമല്ല. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ സ്പെയിൻ സ്വീകരിച്ച ഉറച്ച രാഷ്ട്രീയ-മാനവിക നിലപാടുകൾ കൂടിയാണ് ഈ സ്നേഹത്തിന് ആധാരം. യുദ്ധം ആരംഭിച്ചതുമുതൽ ഇസ്രയേലിൻ്റെ കടുത്ത വിമർശകരായി നിലകൊള്ളുന്ന സ്പെയിൻ, ഗസ്സയിലെ ജനങ്ങൾക്കൊപ്പമാണ് നിലയുറപ്പിച്ചത്.

ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച സ്പാനിഷ് സർക്കാരിന്റെ നടപടിയും, ഗസ്സയിലെ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന സ്പാനിഷ് രാജാവ് ഫിലിപ്പെ ആറാമൻ്റെ അഭ്യർഥനയും ഗസ്സക്കാർ കൃതജ്ഞതയോടെയാണ് ഓർക്കുന്നത്. കൂടാതെ, ബാഴ്സലോണയുടെ വിജയമാഘോഷിക്കുന്നതിനിടെ ഫലസ്തീൻ പതാക ഉയർത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച ലാമിൻ യമാലിനെപ്പോലുള്ള താരങ്ങളും അവർക്ക് വലിയ ആവേശമാണ് നൽകുന്നത്.

“ഈ ദുഷ്കരമായ സാഹചര്യങ്ങളിൽ ഫലസ്തീൻ ജനതയ്ക്കൊപ്പം നിന്ന എല്ലാവരെയുമോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. സ്പെയിനിനെ പിന്തുണയ്ക്കുന്നത് അവരുടെ ഫുട്ബോളിന്റെ പേരിൽ മാത്രമല്ല, മികച്ച മാനുഷിക നിലപാടുകൾ കൊണ്ടു കൂടിയാണ്,” ഗസ്സ സിറ്റിയിലെ അഭിഭാഷകനായ മുഹമ്മദ് അത്തല്ല വ്യക്തമാക്കുന്നു.

തകർന്നടിഞ്ഞ നഗരത്തിൽ, നിരന്തരമുള്ള വൈദ്യുതി-ഇന്റർനെറ്റ് തടസ്സങ്ങൾക്കിടയിലും ഫുട്ബോൾ കാണാൻ ജനങ്ങൾ സമയം കണ്ടെത്തുന്നുണ്ട്. ചുറ്റും നാശനഷ്ടങ്ങളും ദുരിതങ്ങളുമുണ്ടെങ്കിലും ഗസ്സയിലെ ജനങ്ങൾ ജീവിതത്തെയും സ്പോർട്സിനെയും എത്രമാത്രം സ്നേഹിക്കുന്നു എന്ന് ലോകത്തെ കാണിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഗസ്സ നിവാസിയായ ഹാനി അബു റിസ്‌ഖ് പറയുന്നു.

ഖത്തർ ലോകകപ്പിലേതുപോലെ, തങ്ങളുടെ പോരാട്ടങ്ങളും ദുരിതങ്ങളും ലോകത്തെ ഓർമ്മിപ്പിക്കാനും ഐക്യദാർഢ്യം സ്വരൂപിക്കാനുമുള്ള വേദിയായി അവർ ഈ ഫുട്ബോൾ മാമാങ്കത്തെ കാണുന്നു. സ്പെയിൻ അനുകൂലികളുടെ ആവേശപ്രകടനങ്ങൾക്കിടയിലും, ഒരു നാൾ ലോകകപ്പ് വേദിയിൽ സ്വന്തം രാജ്യമായ ഫലസ്തീനും കളത്തിലിറങ്ങുന്നത് കാണാനാകുമെന്ന വലിയ പ്രത്യാശയിലാണ് യുദ്ധഭൂമിയിലെ ഓരോ ഫുട്ബോൾ പ്രേമിയും.

Also read: