അറ്റ്ലാന്റയിൽ ഗോൾമഴ; ആദ്യം വിറപ്പിച്ച ഹെയ്‌തിയെ നാലിൽ മുക്കി മൊറോക്കോ നോക്കൗട്ടിൽ
ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് സിയിലെ ആവേശം നിറഞ്ഞ അവസാന പോരാട്ടത്തിൽ ഹെയ്തിക്കെതിരെ മൊറോക്കോയ്ക്ക് 4-2 ന്റെ ആധികാരിക ജയം. അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏറെനേരം പിന്നിലായ ശേഷമാണ് ’അറ്റ്‌ലസ് ലയൺസ്’ ശക്തമായി തിരിച്ചടിച്ച് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയത്. വിജയത്തോടെ ഗ്രൂപ്പ് സിയിൽ 7 പോയിന്റുമായി ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് മൊറോക്കോ റൗണ്ട് ഓഫ് 32-ലേക്ക് പ്രവേശിച്ചത്. പോരാടി തോറ്റ ഹെയ്തി ടൂർണമെന്റിൽനിന്ന് പുറത്തായി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കരുത്തരായ മൊറോക്കോയെ ഞെട്ടിച്ചുകൊണ്ട് ഹെയ്തിയാണ് ആദ്യ ലീഡ് എടുത്തത്. 10-ാം മിനിറ്റിൽ ഹെയ്തി താരം ലെനി ജോസഫിന്റെ ഒരു നീക്കം തടയാനുള്ള ശ്രമത്തിനിടെ മൊറോക്കൻ സൂപ്പർ ഗോൾകീപ്പർ യാസിൻ ബോണോയുടെ കൈകളിൽ തട്ടി പന്ത് അപ്രതീക്ഷിതമായി സ്വന്തം വലയിലേക്ക് പതിക്കുകയായിരുന്നു.
ഒരു ഗോളിന് പിന്നിലായതോടെ മൊറോക്കോ ആക്രമണം ശക്തമാക്കി. 39-ാം മിനിറ്റിൽ റൈറ്റ് ബാക്ക് താരം അഷ്റഫ് ഹക്കിമിയിലൂടെ മൊറോക്കോ സമനില പിടിച്ചു. എന്നാൽ സ്പാനിഷ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി 43-ാം മിനിറ്റിൽ വിൽസൺ ഇസിദോർ നേടിയ ലോങ് റേഞ്ച് റോക്കറ്റ് ഗോളിലൂടെ ഹെയ്തി മത്സരത്തിൽ വീണ്ടും ലീഡ് (1-2) എടുത്തു.
ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ (45+1′) ഹക്കിമിയുടെ പാസിൽനിന്ന് ഇസ്മായിൽ സൈബാരി മൊറോക്കോയ്ക്ക് വീണ്ടും സമനില (2-2) നേടിക്കൊടുത്തു.
രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ താരങ്ങളാണ് മൊറോക്കോയുടെ വിജയം സുഗമമാക്കിയത്. 78-ാം മിനിറ്റിൽ സൂഫിയാൻ റഹീമിയുടെ മികച്ച ഷോട്ട് ഹെയ്തി ഡിഫെൻഡറുടെ ശരീരത്തിൽ തട്ടി വളഞ്ഞ് വലയുടെ ടോപ്പ് കോർണറിലേക്ക് വീണതോടെ മൊറോക്കോ മത്സരത്തിൽ ആദ്യമായി ലീഡ് എടുത്തു (3-2).
മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കിനിൽക്കെ (89-ാം മിനിറ്റ്) റഹീമിയുടെ തകർപ്പൻ അസിസ്റ്റിൽനിന്ന് പകരക്കാരനായി വന്ന മറ്റൊരു താരം ഗെസിം യാസീൻ നാലാം ഗോളും നേടി മൊറോക്കോയുടെ വിജയം പൂർത്തിയാക്കി.
ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റൻ അഷ്റഫ് ഹക്കിമിയാണ് മത്സരത്തിലെ താരം.