‘ഗ്രാസിയാസ് യാദിൽ’: പിറന്നാൾ ആശംസകൾ നേർന്ന മലയാളി ആരാധകന്റെ വീഡിയോയ്ക്ക് താഴെ കമന്റുമായി സാക്ഷാൽ ലയണൽ മെസ്സി
കൊച്ചി: തന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് വീഡിയോ പങ്കുവെച്ച മലയാളി ആരാധകന് നന്ദി അറിയിച്ച് അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. കടുത്ത മെസ്സി ആരാധകനായ യാദിൽ എം. ഇക്ബാൽ സ്പാനിഷ് ഭാഷയിൽ ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയ്ക്കാണ് സാക്ഷാൽ ലയണൽ മെസ്സി നേരിട്ട് മറുപടി നൽകിയത്. യാദിലിന്റെ വീഡിയോയ്ക്ക് താഴെ ‘ഗ്രാസിയാസ് യാദിൽ’ (നന്ദി യാദിൽ) എന്നാണ് മെസ്സി കമന്റ് ചെയ്തത്. “ലിയോയ്ക്ക് ജന്മദിനാശംസകൾ. ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള ഒരു ജനതയുടെ സ്നേഹം അറിയിക്കുന്നു. എന്റെ പരിശ്രമങ്ങൾ ലിയോ ഒരിക്കൽ കാണുമെന്നും എന്നെ തിരിച്ചറിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു” എന്നാണ് യാദിൽ തന്റെ വീഡിയോയിലൂടെ പറഞ്ഞത്.
മെസ്സിയോടുള്ള തന്റെ കടുത്ത ആരാധന വ്യക്തമാക്കുന്ന നിരവധി കാര്യങ്ങൾ യാദിൽ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. കൊടുങ്ങല്ലൂരിൽ അദ്ദേഹം വരച്ച മെസ്സിയുടെ കൂറ്റൻ മ്യൂറൽ ചിത്രം, അർജന്റീനയുടെ ലോകകപ്പ് വിജയത്തിന് ശേഷം നിർമ്മിച്ച പ്രതിമ, ലക്ഷങ്ങൾ വിലമതിക്കുന്ന തന്റെ ഡിഫെൻഡർ വാഹനത്തിൽ പതിപ്പിച്ചിരിക്കുന്ന മെസ്സിയുടെ ചിത്രം എന്നിവയെല്ലാം ഈ വീഡിയോയിൽ കാണാം. മെസ്സിയോടുള്ള അതിരറ്റ സ്നേഹം കൊണ്ട് സമൂഹമാധ്യമങ്ങളിൽ ഏറെ പ്രശസ്തനായ ഒരു വ്ലോഗർ കൂടിയാണ് യാദിൽ. 2022ൽ ഖത്തറിൽ വെച്ച് അർജന്റീന ലോകകപ്പ് കിരീടം ഉയർത്തുന്നതിന് സ്റ്റേഡിയത്തിൽ നേരിട്ട് സാക്ഷ്യം വഹിച്ച അദ്ദേഹത്തിന്റെ അന്നത്തെ വൈകാരികമായ പ്രതികരണങ്ങൾ ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും വൈറലാവുകയും ചെയ്തിരുന്നു.