മുഖം മറച്ച് നഗ്നനായി മോഷണം; വീടുകളിൽ നിന്ന് ബൈക്കും സ്വർണവും കവർന്നു, തട്ടുകട കുത്തിത്തുറന്ന് 12 മുട്ടയുടെ ഓംലെറ്റും അടിച്ച് കള്ളൻ; ഒടുവിൽ പിടിയിൽ
ആലപ്പുഴ: ചെങ്ങന്നൂർ ചെറിയനാട് മേഖലയിൽ നഗ്നനായി എത്തി മോഷണപരമ്പര നടത്തിയ തിരുവനന്തപുരം പോത്തൻകോട് സ്വദേശി ബിജു സെബാസ്റ്റ്യൻ വർക്കലയിൽ നിന്ന് പൊലീസിന്റെ പിടിയിലായി. അഞ്ച് വീടുകളിൽ നിന്നും ചായക്കടയിൽ നിന്നും സ്വർണവും പണവും രണ്ട് ബൈക്കുകളും ഇയാൾ അപഹരിച്ചിരുന്നു.
മോഷണത്തിന് ശേഷം മാമ്പടയിലെ തട്ടുകട കുത്തിത്തുറന്ന് 3000 രൂപ കവരുകയും, അവിടെയുണ്ടായിരുന്ന 12 കോഴിമുട്ടകൾ എടുത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിക്കുകയും ചെയ്ത ശേഷമാണ് പ്രതി സ്ഥലംവിട്ടത്. മഴ നനയാതിരിക്കാൻ ഒരു വീട്ടിൽ നിന്ന് കുടയും മോഷ്ടിച്ചിരുന്നു.
മുഖം മറച്ച് നഗ്നനായി മോഷണം നടത്തുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ, സംഭവം നടന്ന് 14 ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ബൈക്കുകളിലൊന്ന് ചങ്ങനാശ്ശേരിയിൽ ഉപേക്ഷിച്ച ശേഷം മറ്റൊന്നിലാണ് പ്രതി രക്ഷപ്പെട്ടത്. ഈ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.